ദില്ലി: ഇന്ത്യയിലേക്കുള്ള വിമാന യാത്രക്കാര്‍ക്ക് അധിക സ്ക്രീനിംഗ് ഏര്‍പ്പെടുത്തി ദിവസങ്ങൾക്ക് ശേഷം തീരുമാനം പിൻവലിച്ച് കാനഡ. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലാണ് കാനഡയുടെ നടപടികൾ. അതേസമയം, താൽക്കാലികമായി ഏര്‍പ്പെടുത്തിയ അധിക സുരക്ഷാ സ്ക്രീനിംഗ് നടപടികൾ യാത്രക്കാർക്ക് കാലതാമസം ഉണ്ടാന്നുവെന്ന് കാനഡയിലെ ഗതാഗത മന്ത്രി അനിത ആനന്ദ് തിങ്കളാഴ്ച പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇത് പിൻവലിച്ചതായി അറിയിപ്പെത്തിയത്.
അതേസമയം, ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ കൊലപാതകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് കാനഡ പറഞ്ഞതായുള്ള മാധ്യമ റിപ്പോർട്ടുകൾ തള്ളി കാനഡയുടെ ഔദ്യോഗിക പ്രതികരണമെത്തി. മോദിക്കും ജയശങ്കറിനും ഡോവലിനും പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നാണ് കാനഡ വ്യക്തമാക്കിയത്. ഇത്തരത്തിലുള്ള മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്നും കാനഡ ഔദ്യോഗികമായി പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിജ്ജർ കൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിച്ചിരുന്നു. ഷായ്ക്കെതിരായ ആരോപണത്തിൽ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഉഭയകക്ഷി ബന്ധത്തിൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് വിദേശകാര്യ മന്ത്രാലയം അന്ന് പ്രതികരിച്ചത്. കനേഡിയൻ ഹൈക്കമ്മീഷൻ പ്രതിനിധിയെ വിളിച്ച് വരുത്തിയടക്കം വിദേശകാര്യ മന്ത്രാലയം അതൃപ്തി അറിയിച്ചിരുന്നു.
അസംബന്ധവും അടിസ്ഥാന രഹിതവുമായ പരാമർശങ്ങളിൽ പ്രതിഷേധിക്കുന്നുവെന്ന കുറിപ്പും കൈമാറിയിരുന്നു. ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ നീക്കമാണ് ആഭ്യന്തര മന്ത്രിക്കെതിരായ ആരോപണമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇന്ത്യ ഭീകരൻ ആയി പ്രഖ്യാപിച്ച ഹർദീപ് സിങ് നിജ്ജർ കഴിഞ്ഞ വർഷം ജൂൺ 18 നാണ് വെടിയേറ്റ് മരിച്ചത്. തുടര്‍ന്ന് കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നിരവധി തവണ ആരോപിച്ചു.
ട്രൂഡോയുടെ ആരോപണം അസംബന്ധം എന്നാണ് ഇന്ത്യ മറുപടിയും നൽകി. പക്ഷേ ട്രൂഡോയുടെ ആരോപണം ഇന്ത്യ – കാനഡ ബന്ധത്തെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺ പ്രീത് സിംഗ് എന്നിവരെയാണ് ഹർദീപ് സിംഗ് നിജ്ജർ കൊലപാതക കേസിൽ കാനഡ പൊലീസ് അറസ്റ്റ് ചെയ്തത്. എഡ്മണ്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ മൂന്ന് പേരും ഇന്ത്യൻ പൗരന്മാരാണ് എന്നതാണ് കാനഡയുടെ ആരോപണത്തിന് പിന്നിൽ.