തൃശൂർ: കാലിന് പരിക്കേറ്റ ഏഴാറ്റുമുഖം ഗണപതിയെന്ന കാട്ടുകൊമ്പന്റെ ആരോഗ്യനില തൃപ്തികരമെന്ന് നിരീക്ഷണത്തില്‍ കണ്ടെത്തി. ആനയുടെ കാലിലെ പരിക്ക് ഭേദമായിട്ടുണ്ടെന്നാണ് നിഗമനം. ഈ സാഹചര്യത്തില്‍ അടിയന്തിര ചികിത്സയുടെ ആവശ്യമില്ലെന്ന നിലപാടിലാണ് നിരീക്ഷണ സംഘം. മയക്കുവെടി നൽകി ചികിത്സ നൽകാനായിരുന്നു വനം വകുപ്പ് നേരത്തെ ഉദ്ദേശിച്ചിരുന്നത്. ഇതിന്റെ ഭാമായി സിസിഎഫ് ന് വാഴച്ചാല്‍ ഡിഎഫ്ഒ അനുമതിക്കായുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.
അനുമതി ലഭിക്കുന്ന മുറക്ക് മയക്കുവെടി നൽകി ചികിത്സ നൽകാനുള്ള ഏര്‍പ്പാടുകളും സജ്ജീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അടിയന്തിര ചികിത്സയുടെ ആവശ്യമില്ലെന്ന നിലപാടിലേക്കാണ് വനംവകുപ്പെത്തിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശനിയാഴ്ച ഡോ. റെജിന്റെ നേതൃത്വത്തില്‍ നിരീക്ഷണം നടത്തിയെങ്കിലും ആനയെ കണ്ടെത്താനായില്ല. ഏഴാറ്റുമഖം ഭാഗത്താണ് സംഘം നിരീക്ഷണം നടത്തിയത്. എന്നാല്‍ അതിരപ്പിള്ളി ഭാഗത്ത് വൈകീട്ടോടെ ആനയെ കണ്ടു. കാര്യമായ ആരോഗ്യപ്രശ്നം ആനക്കില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
അടിയന്തിര ചികിത്സ നൽകുന്നില്ലെങ്കിലും ആനയെ വരും ദിവസങ്ങളിലും നിരീക്ഷിക്കാന്‍ തന്നെയാണ് വനം വകുപ്പിന്റെ തീരുമാനം. ആനയ്ക്ക് കൂടുതല്‍ ആരോഗ്യപ്രശ്നമുള്ളതായി കണ്ടെത്തിയാല്‍ ചികിത്സ നൽകുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങും. മറ്റ് ആനകള്‍ക്കൊപ്പം കാണപ്പെട്ട ഏഴാറ്റുമുഖം ഗണപതി ഭക്ഷണമെടുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം വനത്തില്‍ അതിക്രമിച്ച് കയറി ആനകളുടെ വീഡിയോ പകര്‍ത്തുന്ന യൂട്യൂബര്‍മാരടക്കമുള്ളവര്‍ക്കെതിരെ വനംവകുപ്പ് കര്‍ശന നടപടി സ്വീകരിക്കും. ഇതിനായി പ്രത്യേക സ്ക്വാര്‍ഡും രൂപീകരിച്ചിട്ടുണ്ട്.