തിരുവനന്തപുരം : ദേശാഭിമാനിയുടെ അവഗണനയ്ക്കെതിരെ പോസ്റ്റിട്ട് മണിക്കൂറുകൾക്കകം , പാർട്ടി ഇടപെട്ടതോടെ വിവാദ പോസ്റ്റ് പിൻവലിച്ച് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. സി.പി.എം മുഖപത്രമായ ദേശാഭിമാനി ദിനപത്രത്തിനെതിരെയാണ് വിമര്‍ശനവുമായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ രംഗത്ത് എത്തിയത്.
അംബേദ്കര്‍ ദിനത്തില്‍ നിയമസഭയില്‍ നടന്ന പുഷ്പാര്‍ച്ചനയുടെ വാര്‍ത്തയില്‍ നിന്ന് തന്റെ പേരും ചിത്രവും ഒഴിവാക്കിയതിനെതിരെയാണ് അദ്ദേഹം വിമർശനമുന്നയിച്ചിരിക്കുന്നത്. സി.പി.ഐ പ്രതിനിധിയായതിനാലാണോ തന്റെ പേര് ഒഴിവാക്കിയതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു വിമര്‍ശനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ഇത് ഏപ്രില്‍ 15ന് ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ച ചിത്രവും വാര്‍ത്തയുമാണ്. ഏപ്രില്‍ 14 ന് അംബേദ്കര്‍ ദിനത്തില്‍ നിയമസഭയില്‍ അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുവാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്ന നിലയില്‍ ഞാനും മന്ത്രിമാരായ കെ.രാധാകൃഷ്ണനും വി.ശിവന്‍കുട്ടിയും ഒരുമിച്ചാണ് വന്നത് . നിയമസഭയിലെ വാച്ച് ആന്റ് വാര്‍ഡിന്റെ സല്യൂട്ട് സ്വീകരിച്ചതും ഞാനാണ്. അതിന് ശേഷം ഞാനും മന്ത്രിമാരും ഒരുമിച്ചാണ് പുപ്പാര്‍ച്ചന നടത്തിയത്. പക്ഷെ, ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ എന്നെ ഒഴിവാക്കി. ഇതാണോ സാമൂഹ്യനീതി? ഇതാണോ സമത്വം ? ഞാന്‍ സി.പി.ഐ പ്രതിനിധി ആയത് കൊണ്ടാണോ എന്നെ ഒഴിവാക്കിയത്?’, ചിറ്റയം ഗോപകുമാര്‍ ചോദിച്ചു.
അംബേദ്കറുടെ 131ാം ജന്മവാര്‍ഷിക ദിനത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, വി. ശിവന്‍കുട്ടി എന്നിവര്‍ ചേര്‍ന്നായിരുന്നു നിയമസഭയില്‍ പുഷ്പാര്‍ച്ചന നടത്തിയത്. എന്നാല്‍, ഇതുസംബന്ധിച്ച ദേശാഭിമാനി നല്‍കിയ വാര്‍ത്തയില്‍ കെ രാധാകൃഷ്ണന്റെയും വി ശിവന്‍കുട്ടിയുടെയും പേരുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഗോപകുമാറിന്റെ പേരോ ചിത്രമോ പത്രം നല്‍കിയില്ല.
എന്നാൽ , ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമാകുകയും മാധ്യമങ്ങളിൽ അടക്കം വാർത്തയാകുകയും ചർച്ചയാകുകയും ചെയ്തതോടെയാണ് വിവാദമായി മാറിയത്. ഇതിന് പിന്നാലെ പരിപാടിയുടെ ഒറ്റക്കോളം വാർത്ത മാത്രമാണ് സി.പി.ഐ മുഖപത്രമായ ജനയുഗത്തിലും വന്നതെന്ന പ്രചാരണവും ശക്തമായി. ഇതോടെ സോഷ്യൽ മീഡിയ വഴി സൈബർ ആക്രമണവും തുടങ്ങി. ഇതേ തുടർന്നാണ് സി.പി.ഐ നേതൃത്വം വിഷയത്തിൽ ഇടപെട്ടത്. തുടർന്ന് ചിറ്റയം ഗോപകുമാർ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.