ന്യൂയോർക്ക് : റീൽസ് വീഡിയോകൾ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യുന്ന കണ്ടന്റ് ക്രിയേറ്റേഴ്സിന് പരിധികളില്ലാതെ ബോണസ് തുക നൽകി മെറ്റ. ഇന്ത്യൻ ക്രിയേറ്റർമാർക്ക് ഈ മാസം മുതൽ ബോണസ് തുക ലഭിച്ചു തുടങ്ങി. റീല്‍സിനുള്ള കാഴ്ചക്കാരുടെ എണ്ണമനുസരിച്ച് 100 ഡോളർ മുതലാണ് ബോണസ് ലഭിക്കുന്നത്. ചാനലുകൾക്കു ലഭിക്കുന്ന പതിവു വരുമാനത്തിനു പുറമെയാണ് ബോണസ് തുക. മുൻപ് 30,000 ഡോളറായിരുന്നു ബോണസ് പരിധി.
മെറ്റയുടെ ‘ക്രിയേറ്റർ ബോണസ് പ്രോഗ്രാം’ കഴിഞ്ഞ നവംബറിലാണ് ആരംഭിച്ചത്. യുഎസ്, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവിടങ്ങളിൽ മാത്രമായിരുന്നു തുടക്കത്തിൽ ബോണസ് നൽകിയത്. പിന്നീട് മാർച്ചിൽ ഇറ്റലി, ഫ്രാൻസ്, അർജന്റീന, പെറു, ജർമനി, സ്പെയിൻ, ഫിലിപ്പീൻസ്, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലും നൽകി. ഇന്ത്യ, കാനഡ, യുകെ അടക്കമുള്ള രാജ്യങ്ങളിൽ ഈ മാസം മുതലാണ് ബോണസ് എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യയിലെ കണ്ടന്റ് ക്രിയേറ്റേഴ്സിൽ, തിരഞ്ഞെടുക്കപ്പെട്ട കണ്ടന്റ് ക്രിയേറ്റേഴ്സിന്റെ അക്കൗണ്ടിൽ ഇതുസംബന്ധിച്ച മെറ്റ അറിയിപ്പ് ലഭിക്കും. ബോണസിനൊപ്പം റീലുകളുടെ കൂടെ പരസ്യം ഉൾപ്പെടുത്താനും മെറ്റ നീക്കം നടത്തുന്നുണ്ട്. നിലവിൽ ഫെയ്സ്ബുക് വീഡിയോകളിൽ മാത്രമുണ്ടായിരുന്ന പരസ്യങ്ങൾ റീലുകളിലും എത്തും.
90 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ചെറു വെർട്ടിക്കൽ വിഡിയോകളാണ് റീലുകൾ. 30, 60 സെക്കൻഡ് ഇടവേളകളിലാവും പരസ്യം നൽകുക. ഇതുവഴി കണ്ടന്റ് ക്രിയേറ്റേഴ്സിന് 30% വരെ അധിക വരുമാനവും ലഭിക്കും. മെറ്റയുടെ കണക്ക് പ്രകാരം ഏകദേശം 35 ലക്ഷം കണ്ടന്റ് ക്രിയേറ്റേഴ്സാണ് ഇന്ത്യയിലാകെ ഉള്ളത്. ഇതിൽ 1.5 ലക്ഷം പേർക്കാണ് വരുമാനം ലഭിക്കുന്നത്.