തൊടുപുഴ: പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയിൽ എടുത്ത കള്ളക്കേസ് ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പ്രവാസി മലയാളി നൽകിയ പരാതിയിൽ ഒരു വർഷമായിട്ടും നടപടിയെടുത്തില്ലന്ന് ആരോപണം. സംസ്ഥാനത്തെമ്പാടുമുള്ള പോലീസിന്റെ ക്രൂരതകൾ വാർത്തയാകുന്നതിന് പിന്നാലെയാണ് പ്രവാസി മലയാളിയുടെ പരാതിയും ചർച്ചയാകുന്നത്.
പ്രവാസി മലയാളിയെ കേസിൽ കുടുക്കിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാൻ ഗൂഡാലോചന നടത്തുന്നതായാണ് ആരോപണം. ഇതിൻറെ ഭാഗമായാണ് പ്രവാസി മലയാളിയുടെ പരാതിയിൽ ഒരു വർഷം കഴിഞ്ഞിട്ടും നടപടി എടുക്കാത്തതെന്നാണ് ആരോപണം ഉയരുന്നത്. പ്രവാസി മലയാളിയെ കള്ളക്കേസിൽ കുടുക്കിയെന്ന ആരോപണം ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സത്യ സന്ധനായ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്ന ഹൈക്കോടതിയുടെയും, ഇടുക്കി എ.എസ്.പിയുടെയും ഉത്തരവാണ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതെന്നാണ് പരാതി. 2024 ഒക്ടോബറിൽ ഹൈക്കോതി ഉത്തരവിട്ട കേസിലാണ് ഇതുവരെയും നടപടി ഉണ്ടാകാത്തത്.
ഏറ്റുമാനൂരിൽ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി എഴുതി തള്ളുകയും , അടിമാലിയിലെ കേസിൽ ഇടുക്കി എസ് പി വിശദമായ അന്വേഷണം ശുപാർശ ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് പ്രവാസി മലയാളിയ്ക്ക് അനുകൂലമായി ഹൈക്കോടതിയുടെയും, ഇടുക്കി എ.എസ്.പിയുടെയും പരാമർശം ഉണ്ടായത്. ഇതാണ് അട്ടിമറിക്കാൻ ഇപ്പോൾ നീക്കം നടക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചാവക്കാട് ഒരുമനയൂർ ഈർച്ചം വീട്ടിൽ ജമിൽ മുഹമ്മദ് എന്ന പ്രവാസി മലയാളിക്കെതിരായ കേസിലാണ് പൊലീസ് വീണ്ടും ഒത്തുകളിക്കുന്നതെന്നാണ് പരാതി ഉയരുന്നത്. അടിമാലിയിൽ തനിക്കെതിരെ കള്ളക്കേസ് എടുത്തതായും, ഏറ്റുമാനൂരിൽ തനിക്കും സുഹൃത്തുക്കളായ കോട്ടയം ഏറ്റുമാനൂർ കൊച്ചിടപ്പള്ളികാലായിൽ വീട്ടിൽ ഷാനവാസിനും, മണർകാട് വാവത്തിൽ വീട്ടിൽ കെ.വി സുരേഷിനുമെതിരെ വ്യാജ കേസ് രജിസ്റ്റർ ചെയ്തതായുമമാണ് പരാതി. കേസ് വീണ്ടും അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെയും സംവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും, കേസിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അന്നത്തെ ചീഫ് സെക്രട്ടറിയ്ക്കും, ഹോം സെക്രട്ടറിയ്ക്കും, സംസ്ഥാന പൊലീസ് മേധാവിയ്ക്കും ഇവർ പരാതി നൽകിയിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും ഈ കേസിൽ ഇതുവരെയും നടപടി ആയിട്ടില്ല.
ബിസിനസിലെ സാമ്പത്തിക തർക്കത്തെ തുടർന്ന് തന്നെ തന്റെ ബിസിനസ് എതിരാളിയായ ഷെമി മുസ്തഫ കള്ളക്കേസിൽ കുടുക്കിയതായാണ് ജമീൽ മുഹമ്മദ് പരാതിപ്പെടുന്നത്. ഷെമി മുസ്തഫ സഞ്ചരിച്ച ഡിഫന്റർ കാറിൽ ഇന്നോവ കാറിടിച്ച് അടിമാലിയിൽ വച്ച് കൊലപ്പെടുത്താൻ താൻ ക്വട്ടേഷൻ നൽകിയതായി ആരോപിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, താൻ വിദേശത്തായിരുന്ന സമയത്താണ് ഇതു സംബന്ധിച്ചു കേസ് രജിസ്റ്റർ ചെയ്തതെന്നാണ് ജെമിൽ മുഹമ്മദ് പറയുന്നത്.
ഇത് കൂടാതെ തന്നെയും, സുഹൃത്തുക്കളായ സുരേഷിനെയും, ഷാനവാസിനെയും പ്രതിയാക്കി ഏറ്റുമാനൂർ പൊലീസിൽ കേസും രജിസ്റ്റർ ചെയ്തിരുന്നു. ഏറ്റുമാനൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്യായമായി എന്നെ അറസ്റ്റ് ചെയ്തു. , ഇതു കൂടാതെ എന്റെ സുഹൃത്തുക്കളുടെ വീടുകളിൽ റെയ്ഡ് ചെയ്യുകയും ഇവർക്ക് എതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ ഏറ്റുമാനൂരിലെ കേസിൽ ഞങ്ങൾ ഹൈക്കോടതിയിൽ പോയി എഫ്.ഐ.ആർ റദ്ദ് ചെയ്യുകയും, കേസ് തന്നെ ക്വാഷ് ചെയ്യുന്ന സ്ഥിതിയും ഉണ്ടായി. അടിമാലിയിലെ കേസ് അന്വേഷിച്ച് ഇടുക്കി എഎസ് പി കേസിലെ ഗൂഡാലോചനയിൽ തുടർ അന്വേഷണം ശുപാർശ ചെയ്തിരുന്നു. ഇത് കൂടാതെ ഒരു ആരോപണ വിധേയരായ ഡിവൈഎസ്പിമാരുടെ കോൾ ഡീറ്റെയിൽസ് അടക്കം പരിശോധിച്ച് നടപടിയെടുക്കണമെന്നും ഇടുക്കി എ.എസ്.പിയുടെ റിപ്പോർട്ടിൽ ശുപാർശയുണ്ടായിരുന്നു.
ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് തനിക്കും തന്റെ സുഹൃത്തുക്കൾക്കും എതിരെ വ്യാജ കേസും എഫ്.ഐ.ആറും തയ്യാറാക്കിയും അറസ്റ്റ് ചെയ്തതും. ഈ വിഷയത്തിൽ കർശനമായ നടപടി സ്വീകരിക്കുകകയും കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ വകുപ്പ് തല അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇദ്ദേഹം പരാതി നൽകിയിരിക്കുന്നത്. അടിമാലിയിൽ രജിസ്റ്റർ ചെയ്ത വാഹനാപകടക്കേസിലെ ഗൂഡാലോചന സിദ്ധാന്തം അടക്കം ഇടുക്കി ക്രൈംബ്രാഞ്ചും, അഡീഷണൽ എസ്.പിയും നടത്തിയ അന്വേഷണത്തിൽ തള്ളിക്കളഞ്ഞിട്ടുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. ഈ റിപ്പോർട്ടുകൾ അടക്കമാണ് ജമീൽ മുഹമ്മദ് പരാതി നൽകിയിരിക്കുന്നത്.
ഈ വിഷയത്തിൽ ജമീൽ മുഹമ്മദിന് അനൂകൂലമായ ഹൈക്കോടതി വിധി ലഭിച്ചിരുന്നു. ഇത് കൂടാതെ കേസിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്നും ഹൈക്കോടതിയും ഇടുക്കി എ.എസ്.പിയും ആവശ്യപ്പെട്ടിരുന്നു. ഇത് സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, ഈ നിർദേശം വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും കേസിലെ പരാതിക്കാരനായ ഷെമി മുസ്തഫയും ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളായ പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് സ്വാധീനം ചെലുത്തി കേസ് ഒതുക്കി തീർക്കുകയാണ് എന്നാണ് ആരോപണം. വിഷയത്തിൽ കൂടുതൽ നിയമ നടപടികൾക്ക് കൂടി ഒരുങ്ങുകയാണ് പരാതിക്കാരൻ.