കട്ടപ്പന: ഇരട്ടയാറില്‍ യുവാക്കള്‍ക്കെതിരെ കള്ളക്കേസെടുത്ത സംഭവത്തില്‍ എസ്.ഐ.യ്ക്കും സി.പി.ഒ.യ്ക്കും സ്ഥലംമാറ്റം.കട്ടപ്പന പ്രിൻസിപ്പല്‍ എസ്.ഐ. സുനേഖ് ജെയിംസിനും സി.പി.ഒ. മനു പി.ജോസിനുമെതിരെയാണ് നടപടി.
ഏപ്രില്‍ 25-ന് ഇരട്ടയാറില്‍ വാഹന പരിശോധനയ്ക്കിടെ കട്ടപ്പന സ്റ്റേഷനിലെ സി.പി.ഒ. മനു പി. ജോസിന് പരിക്കേറ്റിരുന്നു. പ്രായപൂർത്തിയാകാത്ത രണ്ടു യുവാക്കളും പുളിയൻമല മടുക്കോലിപ്പറമ്പില്‍ ആസിഫ് (18) എന്ന യുവാവും ചേർന്ന് വാഹനമിടിപ്പിച്ചാണ് ഉദ്യോഗസ്ഥനെ പരിക്കേല്‍പ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി പോലീസ് മൂവർക്കുമെതിരെ കേസെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍, പിന്നീട് സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത യുവാക്കളെ പോലീസ് വിട്ടയക്കുകയും ആസിഫിനെ റിമാൻഡ് ചെയ്യുകയുമായിരുന്നു. അതേസമയം, ബൈക്കിടിച്ച സമയത്ത് ആസിഫ് സ്ഥലത്ത് ഇല്ലായിരുന്നുവെന്നും സംഭവത്തിന് ശേഷം സുഹൃത്തുക്കളെ അന്വേഷിച്ച് എത്തിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നും യുവാവിന്റെ വീട്ടുകാർ ആരോപിച്ചു.
യുവാവിന് പോലീസ് സ്റ്റേഷനില്‍വെച്ച് മർദനമേറ്റതായും പരാതി നല്‍കി. തുടർന്ന്, ഇത് കള്ളക്കേസാണെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിന്റെ വീട്ടുകാർ മനുഷ്യാവകാശ കമ്മിഷനും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കി. ഇതിന് പിന്നാലെയാണ് നിലവിലെ നടപടി. സുനേഖിനെ പോലീസ് ജില്ലാ ആസ്ഥാനത്തേയ്ക്കും മനുവിനെ എ.ആർ.ക്യാമ്പിലേയ്ക്കുമാണ് സ്ഥലംമാറ്റിയത്. പോലീസ് ഉദ്യോഗസ്ഥനെ ബൈക്കിടിപ്പിച്ച സംഭവത്തിന്റെ അന്വേഷണച്ചുമതലക്രൈംബ്രാഞ്ചിനും നല്‍കിയിട്ടുണ്ട്. മർദനമേറ്റെന്ന പരാതിയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കട്ടപ്പന ഡി.വൈ.എസ്.പി. അറിയിച്ചു.