ഡല്‍ഹി: വ്യാജ പ്രചരണം ഇന്ന് ഒരു ഭീഷണിയായി മാറിയിരിക്കുകയാണ്. പലരും ഇത് ശരിയാണോ എന്ന് ഉറപ്പാക്കുന്നതിന് മുന്‍പ് തന്നെ വിശ്വസിക്കുന്ന സാഹചര്യമുണ്ട്.ഇത് സത്യമായിരിക്കുമെന്ന് കരുതി നിരവധിപ്പേര്‍ക്ക് പങ്കുവെയ്ക്കുന്നതോടെ സമൂഹത്തില്‍ തെറ്റിദ്ധാരണ പരക്കുന്ന അവസ്ഥയും ഉണ്ടാവുകയാണ്. ഇതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് വ്യാജ വാര്‍ത്ത തിരിച്ചറിയുന്നതിന് അഞ്ചു മാര്‍ഗങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ.
ആദ്യമായി വ്യാജ വാര്‍ത്ത വന്ന ഉറവിടത്തിന്റെ ആധികാരികത ഉപയോക്താവ് ഉറപ്പുവരുത്തണമെന്ന് പിഐബി ഫാക്‌ട് ചെക്ക് നിര്‍ദേശിച്ചു. വെബ് സൈറ്റ് അല്ലെങ്കില്‍ അപരിചിതമായ ഡൊമെയ്ന്‍ പേരുകള്‍ എന്നിവയെ ജാഗ്രതയോട് കൂടി മാത്രമേ സമീപിക്കാവൂ. തലക്കെട്ടുകള്‍ മാത്രം കണ്ട് വിശ്വസിക്കാതെ, ഉള്ളടക്കം മുഴുവന്‍ വായിക്കാന്‍ തയ്യാറാവണം. ആളുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും പലപ്പോഴും തലക്കെട്ടുകള്‍ തയ്യാറാക്കുന്നത്. ഉള്ളടക്കം വായിച്ചാല്‍ മാത്രമേ വാര്‍ത്ത വ്യാജമാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ എന്നും പിഐബി ഫാക്‌ട് ചെക്ക് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.സര്‍ക്കാര്‍ അധികാരികള്‍, വെബ്‌സൈറ്റുകള്‍ എന്നിവ പോലുള്ള വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളാണെന്നും ഉറപ്പാക്കണം. ഇതിനെ പിന്തുണയ്ക്കുന്ന മറ്റു ഉറവിടങ്ങളും നോക്കണം. മറ്റ് മാധ്യമങ്ങള്‍ ഈ വാര്‍ത്ത കവര്‍ ചെയ്തിട്ടുണ്ടോ എന്ന് ക്രോസ് വെരിഫൈ ചെയ്യുന്നതും നല്ലതാണ്.പോസ്റ്റുകളോ സ്‌റ്റോറികളോ വെരിഫൈ ചെയ്യാതെ ഫോര്‍വേഡ് ചെയ്യരുതെന്നും പിഐബി ഫാക്‌ട് ചെക്ക് മുന്നറിയിപ്പ് നല്‍കി.