ലഖ്നൗ : തെറ്റായ വാര്‍ത്തകളും മറ്റും നല്കുന്ന മാദ്ധ്യമങ്ങളോട് ദേഷ്യം തോന്നുന്നത് സ്വാഭാവികമാണ്. അത്തരത്തില്‍ തനിക്കെതിരെ തെറ്റായ വാര്‍ത്ത നല്കിയ മാദ്ധ്യമത്തിനെതിരെ ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് നിവാസിയായ പ്രതീക് സിൻഹ കോടതിയില്‍ സമര്‍പ്പിച്ച വിചിത്രമായ അപേക്ഷയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മാദ്ധ്യമസ്ഥാപനത്തിനെ രണ്ട് മണിക്കൂര്‍ അധിക്ഷേപിക്കാൻ അനുമതി വേണമെന്നാണ് യുവാവിന്റെ ആവശ്യം. ഭൂമി കയ്യേറ്റത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുവാവിനെതിരെ പത്രം വാര്‍ത്ത നല്‍കിയിരുന്നു. ലേഖനത്തെത്തുടര്‍ന്ന് ആളുകള്‍ മോശമായി കാണാൻ തുടങ്ങിയതാണ് ഇയാളെ പ്രകോപിപ്പിച്ചത്. പത്ര ഓഫീസിന് പുറത്ത് മൈക്ക് കെട്ടി, ചീത്തവിളിക്കാൻ അനുമതി നല്‍കണമെന്നാണ് യുവാവിന്റെ ആവശ്യം. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനാണ് യുവാവ് കത്തയച്ചത്. ജനുവരി ഒമ്ബതിന് യുവാവിന്റെ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ഇതിനുപിന്നാലെയാണ് പത്രത്തില്‍ ഭൂമാഫിയ എന്നരീതിയില്‍ വാര്‍ത്തവന്നത്. ഇത് തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് പ്രതീക് ആരോപിച്ചു. ജനുവരി പതിനഞ്ചിന് ഉച്ചയ്ക്ക് പന്ത്രണ്ടിന് ബ്യൂറോ ചീഫിനെയും റിപ്പോര്‍ട്ടറിനെയും ചീത്തവിളിക്കാൻ അനുവദിക്കണമെന്നും കത്തില്‍ പറയുന്നു.