ഉത്തരാഖണ്ഡ്: കഴിഞ്ഞ 13 ദിവസമായി ഇന്ത്യ മുഴുവൻ പ്രാര്‍ത്ഥനയിലാണ്. ഉത്തരാഖണ്ഡിലെ സില്‍ക്ക്യാര തുരങ്കത്തില്‍ അകപ്പെട്ട 41 തൊഴിലാളികളുടെ സുരക്ഷിതമായ തിരച്ചുവരവിന് വേണ്ടിയാണ് ആ പ്രാര്‍ത്ഥന. ബ്രഹ്മഖല്‍ യമുനോത്രി ഹൈവേയില്‍ നിര്‍മ്മാണത്തിലിരുന്ന സില്‍ക്ക്യാര ദണ്ഡല്‍ഗാവ് തുരങ്കത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് തൊഴിലാളികള്‍ അകപ്പെട്ടത്. കേന്ദ്ര റോഡ് ഗതാഗതം, ഹൈവേ മന്ത്രാലയത്തിന്റെ കീഴിലുള്ള ചാര്‍ധാം പദ്ധതിയുടെ ഭാഗമായാണ് ബ്രഹ്മഖല്‍ യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയില്‍ 4,531 മീറ്റര്‍ നീളത്തില്‍ തുരങ്കം നിര്‍മ്മാണം ആരംഭിച്ചത്. നിര്‍മ്മാണം പുരോഗമിക്കുന്നതിനിടയിലായിരുന്നു അപകടം.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടന്നുവരികയാണ്. എൻ.ഡി.ആര്.എഫ് ഉള്‍പ്പെടെ നിരവധി ഏജൻസികള്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. പൈപ്പുകള്‍ വഴി തൊഴിലാളികള്‍ക്ക് ഓക്സിജൻ, ഭക്ഷണം, മനശാസ്ത്ര വിദഗ്ദ്ധരുടെ സേവനം എന്നിവ നല്കി വരുന്നുണ്ട്. ഇതൊക്കെയാണെങ്കിലും ഉത്തരാഖണ്ഡിലെ ഗ്രാമവാസികള്‍ക്ക് പൂര്‍ണ ആത്മവിശ്വാസമുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ ഒരപകടവും കൂടാതെ തിരിച്ചെത്തുമെന്ന്. ആ വിശ്വാസത്തിന് അവരെ പ്രേരിപ്പിക്കുന്നത് ബാബ ബോഗ്നാഗാണ്. സില്‍ക്ക്യാര നിവാസികളുടെ ദൈവമാണ് ബാബ ബോഗ്നാഗ്. ടണലിന് മുന്നില്‍ ബോഗ്നാഗിന്റെ ഒരു ചെറിയ ക്ഷേത്രവും അവര്‍ പണികഴിപ്പിച്ചിട്ടുണ്ട്. ഗ്രാമത്തെ മുഴുവൻ സംരക്ഷിക്കുന്നത് ബാബ ബോഗ്നാഗ് ആണെന്നാണ് ഗ്രാമീണര്‍ വിശ്വസിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുരങ്കം നിര്‍മ്മിക്കുന്നതിന് മുമ്ബ് ആദ്യം ചെയ്തത് ബാബ ബോഗ്നാഗിന്റെ ആരാധനാലയം ടണല്‍ പദ്ധതിക്ക് മുന്നില്‍ നിര്‍മ്മിക്കുക എന്നതായിരുന്നു. വിഗ്രഹത്തിന് മുന്നില്‍ പ്രാര്‍ത്ഥിച്ചതിന് ശേഷം മാത്രമേ ഉദ്യോഗസ്ഥരും, തൊഴിലാളികളും തുരങ്കത്തില്‍ പണിക്ക് ഇറങ്ങിയിരുന്നുള്ളൂ. എന്നാല്‍ അപകടത്തിന് കുറച്ചു ദിവസം മുമ്ബ് നിര്‍മ്മാണ കമ്ബനി മാനേജ്മെന്റ് ബാബയുടെ അമ്ബലം അവിടെ നിന്നും നീക്കം ചെയ്യുകയുണ്ടായി. ഇതാണ് അപകടത്തിന് കാരണമായതെന്നാണ് ഗ്രാമവാസികള്‍ ഉറച്ചുവിശ്വസിക്കുന്നത്. ”തുരങ്കം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന സ്ഥാനത്ത് പണ്ടൊരു ഗുഹയായിരുന്നു. അന്നൊന്നും ഒരാള്‍ക്കുപോലും അപകടം സംഭവിച്ചിട്ടില്ല. ആരും ഗുഹയ്ക്കുള്ളില്‍ അകപ്പെട്ടിട്ടുമില്ല. എല്ലാം ബാബ നോക്കുമായിരുന്നു. നിര്‍മ്മാണ കമ്ബനി അധികൃതരോട് പലതവണ ഞങ്ങള്‍ പറഞ്ഞിരുന്നു ബാബായുടെ ആരാധനാലായം അവിടെ നിന്നും നീക്കം ചെയ്യരുതെന്ന്. അഥവാ അങ്ങനെ ചെയ്യുകയാണെങ്കില്‍ മറ്റൊരു സ്ഥലത്ത് അമ്ബലം പണിയണമെന്നും പറഞ്ഞു. എന്നാല്‍ അവര്‍ കേട്ടില്ല. ഞങ്ങളുടെ അന്ധവിശ്വാസമാണിതെല്ലാം എന്ന് പറഞ്ഞ് കമ്ബനിക്കാര്‍ ഞങ്ങളെ പുച്ഛിച്ചു”-പ്രദേശവാസിയായ രാകേഷ് നോട്ടിയാല്‍ പറയുന്നു.
ബാബ ബോഗ്നാഗിന്റെ ആരാധനാലായം പൊളിച്ചു മാറ്റിയതു കൊണ്ടുതന്നെയാണ് അപകടം സംഭവിച്ചതെന്നാണ് പൂജാരിയായ ഗണേശ് പ്രസാദ് ബിജല്‍വാനും വിശ്വസിക്കുന്നത്. ”കഴിഞ്ഞ ആഴ്ച കമ്ബനി അധികൃതര്‍ എന്നെ വിളിച്ച് ക്ഷമാപണം നടത്തി. പ്രത്യേക പൂജ നടത്തണമെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്തു. ദേവഭൂമി എന്നാണ് ഉത്തരാഖണ്ഡ് അറിയപ്പെടുന്നത്. ഈശ്വരന്മാരുടെ അനുഗ്രഹമുണ്ടെങ്കില്‍ മാത്രമേ ഇവിടെ എന്ത് നിര്‍മ്മാണവും സാദ്ധ്യമാവുകയുള്ളൂ”-ഗണേശ് പ്രസാദ് ബിജല്വാൻ പ്രതികരിച്ചു . 853.79 കോടി രൂപ മുതല്‍ മുടക്കി നാഷണല്‍ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (എൻ.എച്ച്.ഐ.ഡി.സി.എല്‍) നവയുഗ എൻജിനിയറിംഗ് കമ്ബനിയാണ് തുരങ്കം നിര്‍മ്മിക്കുന്നത്. പദ്ധതി നടപ്പായാല്‍ ഉത്തരകാശിയില്‍നിന്ന് യമനോത്രി ധാമിലേക്കുള്ള ദൂരം 26 കിലോമീറ്ററായി കുറയും.
അതിജീവനത്തിന്റെ നാള്‍വഴി-
നവംബര്‍ 12
പുലര്‍ച്ചെ 5.30 – ബ്രഹ്മഖല്‍ – യമുനോത്രി ഹൈവേയില്‍ നിര്‍മ്മാണത്തിലിരുന്ന സില്‍ക്ക്യാര-ദണ്ഡല്‍ഗാവ് തുരങ്കത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. 40 തൊഴിലാളികള്‍ കുടുങ്ങി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം. എൻ.ഡി.ആര്.എഫ് ഉള്‍പ്പെട് നിരവധി ഏജൻസികള്‍ രക്ഷാപ്രവര്‍ത്തനത്തിന്
പൈപ്പുകള്‍ വഴി തൊഴിലാളികള്‍ക്ക് ഓക്സിജൻ, ഭക്ഷണം എന്നിവ നല്കി.
നവംബര്‍ 13- ഓക്സിജൻ നല്കാൻ സ്ഥാപിച്ച പൈപ്പ് വഴി തൊഴിലാളികളുമായി രക്ഷാപ്രവര്‍ത്തനം. തൊഴിലാളികള്‍ സുരക്ഷിതരെന്ന് ഔദ്യോഗിക സ്ഥിരീകരണം. മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി സംഭവ സ്ഥലം സന്ദര്‍ശിച്ചു. മണ്ണിടിച്ചില്‍ രക്ഷാദൗത്യത്തെ ബാധിച്ചു.
നവംബര്‍ 14- തുരങ്കത്തില്‍ സ്ഥാപിക്കാൻ 800, 900 മില്ലിമീറ്റര്‍ വ്യാസമുള്ള സ്റ്റീല്‍ പൈപ്പുകള്‍ എത്തിച്ചു. ഓഗര്‍ മെഷീന്റെ സഹായത്തോടെ തിരശ്ചീനമായി സ്ഥാപിക്കാൻ ശ്രമം. എന്നാല്‍, വീണ്ടും തുരങ്കം ഇടിഞ്ഞതും ദൗത്യത്തില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍ക്ക് പരിക്കേറ്റതും തിരിച്ചടി.
വിദഗ്ദ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ സര്‍വേ. തുരങ്കം ഇടിയാനുള്ള കാരണങ്ങള്‍, പ്രദേശം, മണ്ണ് എന്നിവയുടെ പരിശോധന. തൊഴിലാളികള്‍ക്ക് ഓക്സിജൻ, ഭക്ഷണം, വെള്ളം, വെളിച്ചം എന്നിവ നല്കി. തൊഴിലാളികളില്‍ ചിലര്‍ക്ക് തലവേദന, ഓക്കാനം തുടങ്ങിയ അസ്വസ്ഥതകള
നവംബര്‍ 15- ആദ്യ ഡ്രില്ലിംഗ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ എൻ.എച്ച്.ഐ. ഡി. സി.എ അത്യാധുനിക അമേരിക്കൻ ഓഗര്‍ മെഷീൻ ആവശ്യപ്പെട്ടു. ഉടനെ വിമാനമാര്‍ഗം യന്ത്രം എത്തിച്ചു.
നവംബര്‍ 16- അത്യാധുനിക ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം
നവംബര്‍ 17- 24 മീറ്ററോളം തുരങ്കം തുരന്നു. ആറ് മീറ്റര്‍ വീതം നീളമുള്ള നാല് എം.എസ് പൈപ്പുകള്‍ സ്ഥാപിച്ചു. അഞ്ചാമത്തെ പൈപ്പ് സ്ഥാപിക്കുന്നതിനിടെ യന്ത്രത്തിന് തകരാര്‍. പ്രവര്‍ത്തനക്ഷമത കൂടിയ ഓഗര്‍ മെഷീൻ ഇൻഡോറില്‍ നിന്ന് എത്തിച്ചു. പൈപ്പ് സ്ഥാപിക്കുന്നതിനിടെ വലിയ ശബ്ദം കേട്ടതോടെ രക്ഷാപ്രവര്‍ത്തനം നിറുത്തിവച്ചു. കൂടുതല്‍ തകര്‍ച്ചയ്ക്ക് സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഡ്രില്ലിംഗ് ഉള്‍പ്പെടെ നിറുത്തിവച്ചു
നവംബര്‍ 18- അമേരിക്കൻ യന്ത്രത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ തകര്‍ച്ചയ്ക്കു കാരണമായേക്കുമെന്ന് നിഗമനം. തൊഴിലാളികള്‍ക്ക് അപകടം വന്നേക്കാമെന്ന് മുന്നറിയിപ്പ്. അതിനാല്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചില്ല. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത്. തുരങ്കത്തിന് മുകളിലൂടെ ലംബമായി ഡ്രില്ലിംഗ് നടത്താൻ തീരുമാനം
നവംബര്‍ 19- രക്ഷാദൗത്യം പുനരാരംഭിച്ചു. രക്ഷപ്പെടുത്താൻ 4-5 ദിവസം എടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. മലയുടെ മുകളില്‍ നിന്ന് തുരങ്കത്തിലേക്ക് കുഴിയെടുക്കുന്നു.
നവംബര്‍ 20- ജനീവയിലെ ഇന്റര്‍നാഷണല്‍ ടണലിംഗ് ആൻഡ് അണ്ടര്‍ഗ്രൗണ്ട് സ്പേസ് അസോസിയേഷന്റെ തലവൻ അര്‍ണോള്‍ഡ് ഡിക്സിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷാപ്രവര്‍ത്തനത്തിന് എത്തി.
നവംബര്‍ 21-കുടുങ്ങി പത്താം നാള് തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്ത്. ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് തൊഴിലാളികള്‍. പുതിയ രക്ഷാ പദ്ധതികള്‍ നടപ്പാക്കി. ഓഗര്‍ മെഷീൻ ഡ്രില്ലിംഗ് വീണ്ടും ആരംഭിച്ചു. രക്ഷാപ്രവര്‍ത്തനം വിജയത്തിലേക്ക് എന്ന് സൂചന ലഭിച്ചെങ്കിലും സാങ്കേതിക തകരാര്‍ നിരാശപ്പെടുത്തി.
നവംബര്‍ 22- തൊഴിലാളികള്‍ക്ക് അടുത്തെത്താൻ 18 മീറ്റര്‍ കൂടി മാത്രമെന്ന് ഉച്ചയോടെ അറിയിച്ചു. രാത്രിയോടെ രക്ഷാപ്രവര്‍ത്തനം വിജയിത്തിലേക്കെത്തുമെന്ന് കരുതിയെങ്കിലും വീണ്ടും നിരാശ.
നവംബര്‍ 23- ഡ്രില്ലിംഗ് നടത്തുന്ന ഓഗര്‍ മെഷീനിന്റെ ബ്ലേഡുകള് തുരങ്കത്തിലെ അവശിഷ്ടക്കൂമ്ബാരത്തില് ഇരുമ്ബ് പാളിയില്‍ ഇടിച്ച് രണ്ടാമതും കേടായത് വിനയായി. ഡ്രില്ലിംഗ് നിറുത്തിവച്ചു.
നവംബര്‍ 24- ഡ്രില്ലിംഗ് പുനരാരംഭിച്ചു. തൊഴിലാളികളെ ഉടൻ സുരക്ഷിതമായി പുറത്തെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയില്‍ രക്ഷാസംഘം.