ആലപ്പുഴ: ആലപ്പുഴയിൽ ജീവനൊടുക്കിയ കർഷകന്റെ വീടിന്റെ ജപ്തിനടപടികൾ മരവിപ്പിച്ചു. എസ്‍സി എസ്‍റ്റി കോർപറേഷനോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടു. മന്ത്രി കെ രാധാകൃഷ്ണനും പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്. ജപ്തി നടപടികള്‍ തല്‍ക്കാലം നിര്‍ത്തിവെക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ച മന്ത്രി, പരമാവധി ഇളവുകൾ നൽകി വായ്പ തീര്‍പ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേ സമയം, സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കുട്ടനാട്ടില്‍ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്‍റെ വീടിന്‍റെ ജപ്തി ഭീഷണി ഒഴിവായി. മാധ്യമറിപ്പോര്‍ട്ടുകള്‍ കണ്ട് മുംബൈയിലെ ഒരു മലയാളി കുടിശിഖ തുക കുടുംബത്തിന് നല്‍കി ജപ്തി ഒഴിവാക്കുകയായിരുന്നു. പ്രസാദിന‍്റെ ഭാര്യ ഓമന രണ്ട് വര്‍ഷം മുൻപ് പട്ടികജാതി –വര്‍ഗ വികസന കോര്പറേഷനില്‍നിന്നെടുത്ത വായ്പ കുടുശിഖയായതോടെയാണ് ജപ്തി നോട്ടീസുമായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തകഴി കുന്നുമ്മ സ്വദേശിയായ കർഷകന്‍ കെ ജി പ്രസാദ് ആത്മഹത്യ ചെയ്യുന്നത് രണ്ട് മാസം മുമ്പ്. കൃഷി ഇറക്കാൻ ബാങ്കിൽ നിന്ന് വായ്പ ലഭിക്കാത്തതിനെ തുടർന്നായിരുന്നു പ്രസാദ് ജീവനൊടുക്കിയത്. സംഭവം വിവാദമായതോടെ വമ്പൻ വാഗ്ദാനങ്ങളുമായി മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും പ്രസാദിന്‍റെ വീട്ടിലെത്തിയിരുന്നു. എന്നാൽ രണ്ട് മാസത്തിനുള്ളിൽ പ്രസാദിൻ്റെ വീട്ടുകാരെ തേടി എത്തിയത് ആകെയുള്ള കിടപ്പാടവും ജപ്തി ചെയ്യുമെന്ന നോട്ടീസ്.
പ്രസാദിൻ്റെ ഭാര്യ ഓമന 2022 ആഗസ്റ്റിൽ പട്ടിക ജാതി വർഗ വികസന കോർപ്പറേഷനിൽ നിന്ന് 60,000 രൂപ സ്വയം തൊഴിൽ വായ്പ എടുത്തിരുന്നു 11 മാസമായി തിരിച്ചടവ് മുടങ്ങിയതോടെയാണ് വീടും പുരയിടവും ജപ്തി ചെയ്യുമെന്ന നോട്ടീസ് ലഭിച്ചത്. മന്ത്രി പി പ്രസാദും ജില്ലാ കലക്ടറും ഒക്കെ എത്തി വലിയ വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും ഒരു പൈസ പോലും ലഭിച്ചില്ലന്ന് ഓമന പറഞ്ഞു.