കോട്ടയം: സംഭരിച്ച നെല്ലിന്റെ വിലയ്ക്കായി കർഷകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് മൂന്നു മാസം. ഏപ്രിൽ ആദ്യ വാരം നൽകിയ നെല്ലിന്റെ വില പോലും കർഷകർക്ക് ഇനിയും ലഭിച്ചിട്ടില്ല. മാർച്ച് മാസം അവസാനം നെല്ല് കൊയ്ത കർഷകർ ഏപ്രിൽ ആദ്യത്തോടെയാണ് നെല്ല് മില്ലുകൾക്ക് കൈമാറിയത്. എന്നാൽ, ഇതുവരെയും കർഷകർക്ക് നെല്ലിന്റെ പണം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കർഷകർ കടുത്ത ദുരിതത്തിലാണ്.
കാനറാബാങ്കിൽ പിആർഎസ് നൽകിയവർക്ക് മാത്രമാണ് അൽപമെങ്കിലും ആശ്വാസം ലഭിച്ചത്. എസ്.ബി.ഐയിലും ഫെഡറൽ ബാങ്കിലും പിആർഎസ് നൽകിയവർക്ക് ഇനിയും പണം ലഭിച്ചിട്ടില്ല. ഇതേ തുടർന്ന് കർഷകർ ദുരിതത്തിലാണ്. ഒരു കിലോ നെല്ലിന് 28.20 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. പലർക്കും 60000 രൂപ മുതൽ 80000 രൂപ വരെ ലഭിക്കാനുണ്ട്. എന്നാൽ, പാടം കൃഷിയ്ക്കായി ഒരുക്കുന്നത് മുതൽ നെൽ കൊയ്ത്തു വരെ കർഷകർക്ക് പലപ്പോഴും ഒരു ഏക്കറിന് 40000 രൂപ വരെ ചിലവുണ്ട്. ഈ സാഹചര്യത്തിൽ കനത്ത നഷ്ടത്തിലാണ് കർഷകർ കൃഷിയിറക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കനത്ത സാമ്പത്തിക നഷ്ടമുണ്ടായിട്ടും കൃഷിയോടുള്ള ആത്മാർത്ഥ മൂലം മാത്രമാണ് കർഷകർ നിൽക്കുന്നത്. എന്നാൽ, എല്ലാ ചിലവും കഴിഞ്ഞ് നെല്ല് കൊയ്തെടുക്കാൻ പല കർശകരും സ്വർണം പണയം വച്ചാണ് പണം കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കർഷകർക്ക് വീണ്ടും മൂന്നും നാലും മാസം വൈകി നെല്ലിന്റെ വില ലഭിക്കുന്നത്. ഇത് കർഷകർക്ക് അക്ഷരാർത്ഥത്തിൽ ദുരിതമായി മാറിയിട്ടുണ്ട്. 22 രൂപയ്ക്കു ലഭിക്കുന്ന നെല്ല് അരിയാകുമ്പോൾ അൻപതും അറുപതും രൂപയാണ് വിപണിയിൽ അരിയ്ക്കു ലഭിക്കുന്നത്. ഇതിന്റെ പകുതി പോലും കർഷകർക്ക് ലഭിക്കുന്നില്ലെന്നാണ് കർഷക സംഘടനകളുടെ പരിവേദനം. ആക്രി സാധനങ്ങൾ വിൽക്കുമ്പോൾ പോലും കൃത്യമായി പണം ലഭിക്കുമ്പോഴാണ് ഇപ്പോൾ കർഷകർക്ക് നെല്ലിന്റെ വില പോലും കൃത്യമായി ലഭിക്കാത്തത്.