നോയിഡ: രാജ്യത്ത് ഉടനീളം തിങ്കളാഴ്ച കര്‍ഷകര്‍ വഞ്ചനാ ദിനമായി ആചരിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായത്. ഡിസംബര്‍ ഒമ്പതിന് കേന്ദ്രം നല്കിയ കത്ത് പ്രകാരമാണ് കര്‍ഷക സമരം പിന്‍വലിച്ചതെന്നും എന്നാല്‍ അതിലെ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിക്കാത്തതിനാലാണ് വഞ്ചനാ ദിനമായി ആചരിക്കുന്നതെന്നും ടിക്കായത് അറിയിച്ചു. ട്വിറ്റര്‍ വഴിയാണ് രാകേഷ് ടിക്കായത് ഇക്കാര്യം അറിയിച്ചത്.
കൃഷിമന്ത്രാലയം സെക്രട്ടറി സഞ്ജയ് അഗര്‍വാള്‍ ഒപ്പിട്ട കേന്ദ്രത്തിന്റെ ഉറപ്പുകള്‍ അടങ്ങുന്ന കത്ത് ലഭിച്ചതിന് ശേഷമാണ് സംയുക്ത കിസാന്‍ മോര്‍ച്ച സമരം അവസാനിപ്പിക്കാനുള്ള പ്രഖ്യാപനം നടത്തിയത്. കര്‍ഷകര്‍ ഉന്നയിച്ച ആറ് ആവശ്യങ്ങളില്‍ അഞ്ചും കേന്ദ്രം അംഗീകരിച്ചു. കേന്ദ്രം വാക്കുപാലിച്ചില്ലെങ്കില്‍ വീണ്ടും തെരുവിലിറങ്ങുമെന്ന സൂചന കര്‍ഷകര്‍ നേരത്തെ തന്നെ നല്‍കിയിരുന്നു.