കൊല്ലം: കൊല്ലം കടപ്പാക്കടയിൽ മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു. കടപ്പാക്കട അക്ഷയ നഗർ സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്. പിതാവ് അഭിഭാഷകനായ ശ്രീനിവാസ പിള്ളയാണ് ആത്മഹത്യ ചെയ്തത്. രണ്ട് ദിവസമായി അച്ഛനും മകനും മാത്രമായിരുന്നു അക്ഷയ നഗറിലെ വീട്ടിൽ താമസിച്ചിരുന്നത്. മകൾ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ഇവിടെയാണ് സംഭവം നടന്നത്. വീട്ടിലെ ഹാളിലാണ് മകൻ വിഷ്ണുവിന്റെ മൃതദേഹം കിടന്നിരുന്നത്. തൊട്ടടുത്ത മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ശ്രീനിവാസ പിള്ളയുടെ മൃതദേഹം കണ്ടെത്തിയത്.
ശ്രീനിവാസ പിള്ളയുടെ മകളും ഭാര്യയും തിരുവനന്തപുരത്താണ് താമസിക്കുന്നത്. സംഭവത്തിന്റെ കാരണങ്ങൾ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. അതേ സമയം വിഷ്ണുവിന് മാനസിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതായി സ്ഥലം കൗൺസിലർ. ഇതിന് മുമ്പ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി കാലൊടിഞ്ഞിട്ടുണ്ടെന്നും കൗൺസിലർ പറഞ്ഞു. വീടിന് മുന്നിൽ വിവിധ സ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇവയൊന്നും യഥാര്‍ത്ഥത്തിലുള്ളതല്ലെന്നും മകന് വേണ്ടി ശ്രീനിവാസ പിള്ള വെച്ചിട്ടുള്ളതാണെന്നും കൌണ്‍സിലര്‍ വ്യക്തമാക്കി.