തിരുവനന്തപുരം: സംസ്ഥാന സമ്പദ്വ്യവസ്ഥയെ കരുത്താര്‍ജ്ജിപ്പിക്കുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സുപ്രധാന പങ്കുവഹിക്കാനാകുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സ്റ്റാര്‍ട്ടപ്പുകളുടെ നൂതന കണ്ടെത്തലുകള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെ കൃഷി, ഭക്ഷ്യോത്പ്പാദനം, ആരോഗ്യം, മൃഗസംരക്ഷണം തുടങ്ങി സമസ്തമേഖലകളിലും വളര്‍ച്ച നേടാനാകുമെന്നും കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ് യുഎം) സംഘടിപ്പിച്ച രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ടു ഗവണ്മെന്റ് (ബി2ജി) ഉച്ചകോടിയുടെ ഉദ്ഘാടനത്തില്‍ മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ മികച്ച ഉല്‍പ്പന്നങ്ങളും സേവനങ്ങളും സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനുവേണ്ടിയാണ് പൊതുസംഭരണ ഉച്ചകോടിക്ക് കെഎസ് യുഎം വേദിയൊരുക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2017 ലെ സംസ്ഥാന ഐടി നയത്തില്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള പൊതുസംഭരണം നിയമവിധേയമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാന സര്‍ക്കാരിന് കേരളത്തിലെ മികച്ച ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉപയുക്തമാക്കാനാകും. ഇരുപതു ലക്ഷം രൂപവരെയുള്ള ഇടപാടുകള്‍ നേരിട്ടും ഒരു കോടി രൂപവരെയുള്ളവ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും ടെണ്ടര്‍ സ്വീകരിച്ചും നടപ്പിലാക്കാം. ടെണ്ടര്‍ നടപടികളിലൂടെയുള്ള പൊതുസംഭരണ തുകയുടെ പരിധി മൂന്ന് കോടിരൂപയായി വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
ആഗോളവത്ക്കരണത്തില്‍ നിന്നും പ്രാദേശികവല്‍ക്കരണത്തിലേക്ക് സമൂഹം മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കരുത്തുറ്റ സമ്പദ് വ്യവസ്ഥ അനിവാര്യമാണ്. ഇതിനുള്ള മുന്നറിയിപ്പാണ് ശ്രീലങ്ക. ഒരു ഘട്ടം വളര്ന്നെന്നുകരുതി സ്റ്റാര്‍ട്ടപ്പുകള്‍ മുരടിച്ചു പോകരുത്. വീണ്ടും വിപണിയും സാധ്യതകളും തേടണം. 97 കോടി രൂപ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്കായും 250 കോടിരൂപ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിനായും ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. മികച്ച ആശയവുമായി വരുന്ന സ്റ്റാര്ട്ടുകളെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം സംസ്ഥാനത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സ്റ്റാര്‍ട്ടപ്പുകള്‍ വിപുലമായി വളര്‍ന്നുകഴിഞ്ഞ് വിദേശത്തേക്ക് ചേക്കേറുന്ന അനാരോഗ്യ പ്രവണതയുണ്ടെന്ന് ചൂണ്ടിക്കാട്ടി.
കെഎസ്ഇബി, ഐടി മിഷന്, കുടുംബശ്രീ, ആരോഗ്യ വകുപ്പ്, കേരള വാട്ടര്‍ അതോറിറ്റി എന്നിവയ്ക്ക് സ്റ്റാര്‍ട്ടപ്പ് സൗഹൃദ വകുപ്പുകള്‍ക്കുള്ള അംഗീകാരം മന്ത്രി വിതരണം ചെയ്തു. കെഎസ്ഇബിയാണ് ആദ്യമായി ഇന്നൊവേഷന് സോണ്‍ രൂപീകരിച്ചത്. 12 സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള പ്രതിവിധികള്‍ കെഎസ്ഇബി പ്രയോജനപ്പെടുത്തുന്നുണ്ട്. കുടുംബശ്രീയും സംസ്ഥാന ഐടി മിഷനും എട്ട് സ്റ്റാര്‍ട്ടപ്പുകളുടെ സേവനം ഉപയുക്തമാക്കുന്നുണ്ട്.
രാജ്യത്തിന്റെ സ്റ്റാര്‍ട്ടപ്പ് തലസ്ഥാനമായി കേരളം വികസിക്കുകയാണെന്ന് ഉച്ചകോടിയില്‍ അദ്ധ്യക്ഷനായിരുന്ന പൊതുഭരണ-ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര് ജ്യോതിലാല്‍ പറഞ്ഞു. ക്ലീന്‍ടെക്, ഹെല്‍ത്ത് ടെക് തുടങ്ങിയ മേഖലകളിലും സംസ്ഥാനത്തിന് മുന്‍നിരയിലെത്താനാകും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനും വളരുന്നതിനും ധനസഹായം ലഭിക്കുന്നതിനുമുള്ള സമ്പൂര്‍ണ പരിഹാര സമീപനം ആവശ്യമാണ്. പൊതുസമൂഹത്തിനാവശ്യമായ പ്രതിവിധികള്‍ കണ്ടെത്തി പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന ഈ പൊതുസംഭരണ ഉച്ചകോടിയെന്നും “സ്റ്റാര്‍ട്ടപ്പ് സംഭരണം: കേരള മാതൃക” എന്ന വിഷയത്തില്‍ സംസാരിച്ച അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പൊതുസമൂഹത്തിന് നല്കാനാകുന്ന സംഭാവനകളെക്കുറിച്ച് പങ്കുവയ്ക്കാനുള്ള ഉച്ചകോടിയാണിതെന്ന് കെഎസ് യുഎം സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. നൂറോളം സ്റ്റാര്‍ട്ടപ്പുകളാണ് വിവിധ പ്രതിവിധികള്‍ പങ്കുവച്ചത്. സമൂഹവും സംസ്ഥാനവും നിലവില്‍ നേരിടുന്ന സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുന്നതിന് 32 സര്‍ക്കാര്‍ വകുപ്പുകളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. അവയ്ക്കു തത്തുല്യ പ്രതിവിധികളാണ് സ്റ്റാര്‍ട്ടപ്പുകള്‍ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്ഘാടന ചടങ്ങില്‍ ജിഎഎം പ്രോഗ്രാം ഹെഡ് വരുണ്‍ ജി നന്ദി പറഞ്ഞു.
കായിക-യുവജനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.സജി ഗോപിനാഥ്, കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു, ടൂറിസം ഡയറക്ടര്‍ വിആര്‍ കൃഷ്ണതേജ, ഇ-ഹെല്‍ത്ത് കേരള പ്രോജക്ട് ഡയറക്ടര്‍ മുഹമ്മദ് വൈ സഫൈറുള്ള, സ്മാര്‍ട്സിറ്റി – തിരുവനന്തപുരം സിഇഒ ഡോ.വിനയ് ഗോയല്‍, കേരള സ്റ്റേറ്റ് ഐടി മിഷന് ഡയറക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, കെഎസ്ആര്‍ടിസി ഐടി മാനേജര്‍ നിശാന്ത് എസ്, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് സിഇഒ ഡോ. ജയകുമാര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.
സംസ്ഥാന ആസൂത്രണ ബോര്‍ഡ്, സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി, എക്സൈസ് വകുപ്പ്, കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലെന്‍സ്, കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ്, കേരള സ്റ്റേറ്റ് സയന്‍സ് ആന്‍ഡ് ടെക്നോളജി മ്യൂസിയം, മോട്ടോര്‍ വാഹന വകുപ്പ്, ചരക്ക് സേവന നികുതി വകുപ്പ്, ടെക്നോപാര്‍ക്ക്, യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, മൃഗസംരക്ഷണ വകുപ്പ്, കേരള ഇന്‍ഫര്‍മേഷന്‍ മിഷന്, കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്, തൃശൂരിലെ എംഎസ്എംഇ-ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, എപിജെ അബ്ദുല്‍കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി, ഡയറക്ടറേറ്റ് ഓഫ് ഹാന്‍ഡ്ലൂം ആന്‍ഡ് ടെക്സ്റ്റൈയില്‍സ്, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് ടെക്നോളജി, ആലപ്പുഴ സഹകരണ സ്പിന്നിംഗ് മില്‍സ് ലിമിറ്റഡ്, കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി , എന്‍ഐസി കേരള, ആഭ്യന്തര വകുപ്പ്, കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ഉച്ചകോടിയില്‍ ഇരുപത്തിയഞ്ചോളം സ്റ്റാര്‍ട്ടപ്പുകള്‍ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളുമായി സംവദിച്ച് ആവശ്യകതകള്‍ മനസ്സിലാക്കി ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അവരുടെ ആവശ്യകതകള്‍ സ്റ്റാര്‍ട്ടപ്പുകളെ ധരിപ്പിച്ച് ഉല്‍പ്പന്നങ്ങളും സേവനങ്ങളും സംഭരിക്കുന്നതിനും ഉച്ചകോടി വേദിയായി. സര്‍ക്കാര്‍ വകുപ്പുകളില്‍ കെഎസ് യുഎമ്മിന്റെ നേതൃത്വത്തില്‍ സ്റ്റാര്‍ട്ടപ്പ് ഇന്നൊവേഷന് സോണുകള്‍ രൂപീകരിക്കാനും ഉച്ചകോടി വഴിയൊരുക്കും.