തിരുവനന്തപുരം: അതിനൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നിർമിച്ച ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയിട്ട് മൂന്നാഴ്ചയായി.എഫ് 35 യുദ്ധവിമാനം തകരാർ പരിഹരിച്ച് തിരികെ കൊണ്ടുപോകാനുള്ള പരിശ്രമത്തിലാണ് ബ്രിട്ടണ്‍. അതിനിടെ സാമൂഹ്യമാധ്യമങ്ങള്‍ പരസ്യങ്ങളും ട്രോളുകളും മീമുകളുംകൊണ്ട് എഫ് 35-നെ കൊല്ലാക്കൊല ചെയ്യുകയാണ്.
എഫ് 35-നെ ഉപയോഗിച്ചുള്ള പരസ്യത്തിൻറെ സാധ്യത ആദ്യം മനസ്സിലാക്കിയത് സംസ്ഥാന ടൂറിസം വകുപ്പായിരുന്നു. ഇതിന് പിന്നാലെ ഓരോരുത്തരായി രംഗത്തെത്തി. മോട്ടോർ വാഹന വകുപ്പ്, കേരളാ പോലീസ്, കേരളാ ഗ്രാമീണ്‍ ബാങ്ക്, മില്‍മ…. എന്തിനധികം ചായക്കടകള്‍ പോലും എഫ് 35-നെ ട്രോളുകളാക്കി പരസ്യം നിർമിക്കാൻ മറന്നില്ല.ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ ട്രോളൻമാരുടെ ഭാവന ചിറകുവിടർത്തി പറക്കുകയാണ്. എഫ് 35-ന് ഇന്ത്യൻ പൗരത്വവും പാൻകാർഡുംവരെ നല്‍കിയാണ് ട്രോളുകളുടെ പോക്ക്. യുദ്ധവിമാനത്തിന്റെ ചിത്രം പതിപ്പിച്ച പാൻകാർഡും ആധാറുംവരെ ട്രോളന്മാർ ഉണ്ടാക്കിക്കഴിഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘കേരളം അടിപൊളിസ്ഥലം തിരിച്ചുപോകാനെ തോന്നുന്നില്ല…’ എന്നായിരുന്നു കേരള ടൂറിസം വകുപ്പിന്റെ പരസ്യം. ‘ഇപ്പോ ശരിയാക്കിത്തരാൻ എപ്പോഴും പറ്റിയെന്നുവരില്ല. ആകസ്മിക യന്ത്രത്തകരാറുകളില്‍ വാഹനങ്ങളെ മനഃസാന്നിധ്യത്തോടെ നിയന്ത്രിക്കുക. മികച്ച റിപ്പയർ തന്നെ ചെയ്യുക’ എന്നായിരുന്നു എംവിഡിയുടെ വകയായുള്ള ട്രോള്‍. ‘ഇപ്പ ശരിയാക്കിത്തരാം മോനെ, ആ ചെറിയ JOOY ഇങ്ങെടുത്തേ…’ എന്നായിരുന്നു മില്‍മയുടെ ട്രോള്‍. പുനലൂരില്‍ യുദ്ധവിമാനമിറക്കി ബക്കറ്റ് ബിരിയാണിയുമായി എഫ് 35ല്‍ പോകുന്ന പൈലറ്റിനേയും ചിലർ എഐ കൊണ്ടുണ്ടാക്കി. ചായക്കടയിലിരുന്ന് ചിപ്സ് കഴിക്കുന്ന ചിത്രത്തോടൊപ്പം സമാധാനം കണ്ടെത്തുന്ന എഫ് 35-നെയും ചിലർ പങ്കുവെച്ചു. വീട്ടിലെ ഫാൻ എഫ് 35ന്റെ പിറകില്‍ വെച്ച് ഓടിക്കുന്ന ഹിന്ദി സിനിമയുടെ ഭാഗങ്ങള്‍ ഉപയോഗിച്ചുള്ള ട്രോളുകളും വൈറലായി.
ജൂണ്‍ 14-നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എഫ് 35 ഇറക്കിയത്. ഇന്ധനം നിറച്ച് തിരികെ പോകുമെന്നായിരുന്നു തുടർക്കത്തില്‍ അറിയിച്ചത്. എന്നാല്‍ പിന്നീട് സാങ്കേതിക തകരാർ ശ്രദ്ധയില്‍പെടുകയായിരുന്നു. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്. ബ്രിട്ടനില്‍നിന്നുള്ള വിദഗ്ധസംഘം ഞായറാഴ്ച തിരുവനന്തപുരത്ത് എത്തിയിരുന്നു. സാങ്കേതികപ്രശ്നം പരിഹരിക്കാൻ സാധിച്ചില്ലെങ്കില്‍ എഫ് 35ന്റെ ചിറകുകള്‍ അഴിച്ചുമാറ്റി മറ്റൊരു വിമാനത്തില്‍ തിരികെ കൊണ്ടുപോകാനാണ് തീരുമാനം.