ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ അഞ്ചാം ഘട്ടത്തിൽ പോളിംഗിൽ കഴിഞ്ഞ തവണത്തേക്കാൾ നേരിയ കുറവ്. അഞ്ചാം ഘട്ടത്തില്‍ 60.48 % പോളിംഗാണ് രേഖപ്പെടുത്തിയത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്ക്. 2019ല്‍ 61.82 ആയിരുന്നു അഞ്ചാം ഘട്ടത്തിലെ പോളിംഗ്. ഇത്തവണ അഞ്ചാം ഘട്ട വോട്ടെടുപ്പിലെ അന്തിമ കണക്ക് വരുമ്പോള്‍ നേരിയ മാറ്റമുണ്ടായേക്കാം. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലേക്കാണ് അഞ്ചാം ഘട്ടത്തില്‍ പോളിംഗ് നടന്നത്.
തിങ്കളാഴ്‌ച വോട്ടെടുപ്പ് നടന്ന 49 മണ്ഡലങ്ങളില്‍ പശ്ചിമ ബംഗാളിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. യുപിയിൽ 57.79 ഉം, ബിഹാറിൽ 54.85 ഉം, മഹാരാഷ്ട്രയില്‍ 54.33 ഉം, ഒഡിഷയില്‍ 69.34 ഉം, ഉത്തര്‍പ്രദേശില്‍ 57.79 ഉം, പശ്ചിമ ബംഗാളില്‍ 76.05 ഉം, ലഡാക്കില്‍ 70 ഉം, ജാര്‍ഖണ്ഡില്‍ 63 ഉം ശതമാനം പോളിംഗാണ് അഞ്ചാം ഘട്ട വോട്ടിംഗില്‍ പ്രതിഫലിച്ചത്. ജമ്മു കശ്മീരിൽ പോളിംഗ് 58 ശതമാനമായി ഉയർന്നു. കശ്‌മീരിലെ ബാരാമുള്ള ലോക്സഭ മണ്ഡലത്തില്‍ 1984ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗുണ്ടായി. 1984ല്‍ ഇവിടെ 61 ശതമാനം പോളിംഗ് കണക്കാക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി മത്സരിച്ച റായ്ബറേലിയിൽ പോളിംഗിൽ നേരിയ വർധനവ് രേഖപ്പെടുത്തി. 57.85 ശതമാനമാണ് ഇക്കുറി പോളിംഗ്. കഴിഞ്ഞ തവണ ഇത് 56.34 ശതമാനമായിരുന്നു. അമേഠിയിൽ ചെറിയ വർധനവ് മാത്രമാണ് കഴിഞ്ഞ തവണത്തെക്കാൾ പോളിംഗ് ശതമാനത്തിലുണ്ടായത്.
യുപിയിൽ ബാരാബങ്കിയിലാണ് (59) ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്. 66.91 ശതമാനം പോളിംഗാണ് യുപിയിലുള്ളത്. കശ്മീരിലെ ബാരാമുള്ളയിൽ പോളിംഗ് ശതമാനം ഉയർന്നത് നിയമസഭ തെരഞ്ഞെടുപ്പ് നേരത്തെ നടത്താമെന്ന സൂചനയാണ് എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വ്യക്തമാക്കി.
ഏപ്രില്‍ 19ന് നടന്ന ആദ്യ ഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 66.14 ഉം, ഏപ്രില്‍ 26ന് നടന്ന രണ്ടാം ഘട്ടത്തില്‍ 66.71 ഉം, മെയ് 7ന് നടന്ന മൂന്നാം ഘട്ടത്തില്‍ 65.65 ഉം, മെയ് 13ന് നടന്ന നാലാം ഘട്ടത്തില്‍ 69.16 ശതമാനവുമായിരുന്നു പോളിംഗ്. നാലാം ഘട്ടത്തില്‍ മാത്രമാണ് ഇതുവരെ 2019ലേക്കാള്‍ പോളിംഗ് ശതമാനം രേഖപ്പെടുത്തിയത്. രണ്ട് ഘട്ടങ്ങളിലെ പോളിംഗ് ഇനി നടക്കാനുണ്ട്.