തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും പിന്നാലെയുണ്ടായ ലൈംഗിക ആരോപണങ്ങൾക്കും ഇടയിലും സിനിമാ കോൺക്ലേവുമായി സര്‍ക്കാര്‍ മുന്നോട്ട്. നവംബര്‍ പകുതിക്ക് ശേഷം കൊച്ചിയിൽ കോൺക്ലേവ് സംഘടിപ്പിക്കാനാണ് തീരുമാനം. ചലച്ചിത്ര വികസന കോര്‍പറേഷൻ ചെയര്‍മാൻ ഷാജി എൻ കരുണിനാകും നടത്തിപ്പ് ചുമതല.
സമഗ്രമായ സിനിമാ നയം രൂപീകരിക്കുന്നതിന് മുന്നോടിയായാണ് സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള പ്രമുഖരെ ഉൾപ്പെടുത്തി വിപുലമായ കോൺക്ലേവ് നടത്തുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം, നാലര വര്‍ഷമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കയ്യിലുണ്ടായിട്ടും എന്ത് ചെയ്തെന്ന ചോദ്യത്തിനാണ് കോണ്‍ക്ലേവ് എന്ന മറുപടി സര്‍ക്കാര്‍ നല്‍കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, കോണ്‍ക്ലേവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ഇരകളെയും വേട്ടക്കാരേയും ഒരുമിച്ചിരുത്തിയാണോ കോൺക്ലേവ് എന്ന് ഡബ്ലിയുസിസിയുടെ പരിഹാസവും ഉണ്ട്. പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് അഭിനേതാക്കളുടെ സംഘടനയും. എന്നാൽ, ഭാവി സിനിമാ നയത്തിന് കോൺക്ലേവ് അനിവാര്യമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നവംബറിൽ കൊച്ചിയിൽ കോണ്‍ക്ലേവ് നടത്താനാണ് ആലോചന.
വിദേശ ഡെലിഗേറ്റുകൾ അടക്കം 350 പേരെ പങ്കെടുപ്പിക്കും. ചലച്ചിത്ര വികസന കോര്‍പറേഷനും ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കോൺക്ലേവിന്‍റെ ചുമതലയത്രയും നൽകിയിട്ടുള്ളത് ചലച്ചിത്ര വികസന കോര്‍പറേഷൻ എംഡി ഷാജി എൻ കരുണിനാണ്.നവംബർ ആദ്യ വാരം മൂന്ന് ദിവസം മുതൽ അഞ്ച് ദിവസം വരെ നീളുന്ന ഷെഡ്യൂളാണ് പ്രാഥമിക പ്ലാനിൽ ഉള്ളത്. ഡബ്ള്യുസിസി പങ്കെടുക്കാനിടയില്ല.
നയ രൂപീകരണത്തിന് മുന്നോടിയായി സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാൻ കൺസൽട്ടൻസിയെ നിയോഗിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് തൊട്ട് പിന്നാലെയാണ് കൺസൾട്ടൻസിക്ക് ഒരു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചത്.