തിരുവനന്തപുരത്ത് മാർക്കറ്റിൽ നിന്ന് വാങ്ങിയ മീനിൽ നുരയ്ക്കുന്ന പുഴു : കുടുംബത്തിലെ നാലു പേർക്ക് ഭക്ഷ്യ വിഷബാധ; പരിശോധന ശക്തം

തിരുവനന്തപുരം: മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ മീനില്‍ പുഴുവിനെ കണ്ടെത്തിയതായി പരാതി. തിരുവനന്തപുരം കല്ലറ മീന്‍ മാര്‍ക്കറ്റിലാണ് സംഭവം. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് മീന്‍ വാങ്ങിക്കഴിച്ച ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വിഷബാധയേറ്റിരുന്നു. നാല് പേരും ഛര്‍ദ്ദിയെയും വയറിളക്കത്തെയും തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച വൈകിട്ട് എഴുമണിയോടെ ഇവിടെ നിന്നും മറ്റൊരാള്‍ വാങ്ങിയ മീനില്‍ പുഴുവിനെ കണ്ടെത്തിയത്.

Advertisements

കല്ലറ പഴയചന്തയില്‍ നിന്ന് മത്സ്യം വാങ്ങിയ ബിജുവിനും കുടുംബാംഗങ്ങള്‍ക്കുമാണ് ആദ്യം ഭക്ഷ്യവിഷബാധയേറ്റത്. 200 രൂപയുടെ കൊഴിയാള മീനാണ് ബിജു വാങ്ങിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മീന്‍കറി കഴിച്ചിരുന്നു. ഇത് കഴിച്ച ശേഷം ശനിയാഴ്ച ബിജുവിന്റെ മകള്‍ക്കാണ് ആദ്യം വയറുവേദന അനുഭവപ്പെട്ടത്. പിന്നാലെ എല്ലാവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ നാല് പേരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിനിടെയാണ് ശനിയാഴ്ച വൈകുന്നേരം ബിജു മീന്‍ വാങ്ങിയ അതേ കടയില്‍ നിന്ന് മീന്‍ വാങ്ങിയ മറ്റൊരാള്‍ക്ക് ചൂര മീനില്‍ നിന്ന് പുഴുവിനെ ലഭിച്ചത്. തുടര്‍ന്ന് കളക്ടറേറ്റില്‍ പരാതിപ്പെടുകയായിരുന്നു. വെഞ്ഞാറംമൂട് പോലീസും കല്ലറ വില്ലേജ് ഓഫീസറും സ്ഥലത്തെത്തി മീനിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് പഴകിയ ഭക്ഷണത്തിനായുള്ള പരിശോധന കര്‍ശനമാണ്. വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് വരെ കാരണമായ ചെറുവത്തൂരിലെ ഷവര്‍മ സാമ്പിളില്‍ രോഗകാരികളായ സാല്‍മൊണല്ല, ഷിഗെല്ല സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഭക്ഷ്യസുരക്ഷാ പരിശോധനാ ഫലം പുറത്തുവന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നും ശേഖരിച്ച ചിക്കന്‍ ഷവര്‍മയുടേയും പെപ്പര്‍ പൗഡറിന്റേയും പരിശോധനാഫലമാണ് പുറത്ത് വന്നത്.

ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യവും പെപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തുകയുണ്ടായി. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഈ സാമ്പിളുകള്‍ ‘അണ്‍സേഫ്’ ആയി സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ മേല്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6035 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4010 പരിശോധനകളില്‍ 2014 സാമ്പിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 458 സ്ഥാപനങ്ങള്‍ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശര്‍ക്കരയുടെ 5 സ്റ്റാറ്റിയൂട്ടറി സാമ്പിള്‍ ശേഖരിച്ചു. 6 പേര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പരിശോധനകള്‍ ശക്തമായി തുടരുമെന്ന് മന്ത്രി പറഞ്ഞു.

Hot Topics

Related Articles