കോട്ടയം: അരണയെ പിടിക്കാൻ വീട്ടുവളപ്പിലെ ഫിഷ് ടാങ്കിൽ ചാടിയ മൂർഖൻ ഒടുവിൽ പൊലീസ് കസ്റ്റഡിയിലായി. കോട്ടയം ചുങ്കം കൃഷ്ണ വിലാസിൽ രാമചന്ദ്രൻ്റെ വീട്ടിലാണ് ഇന്ന് വൈകിട്ട് ഫിഷ് ടാങ്കിൽ മൂർഖൻ എത്തിയത്. ഫിഷ് ടാങ്കിൽ മൂർഖനെ കണ്ട വീട്ടുകാർ ആദ്യം വിളിച്ചത് പൊലീസ് കൺട്രോൾ റൂമിലായിരുന്നു. പരിഭ്രാന്തരായ കുടുംബാഗങ്ങൾ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ വിളിച്ചതോടെ കോൾ നേരെ ബേക്കർ ജംഗ്ഷനിലുണ്ടായിരുന്ന കൺട്രോൾ റൂം വാഹനം ഒന്നിന് കൈമാറി. ഈ സമയം പൊലീസ് കൺട്രോൾ റൂം വാഹനത്തിൽ എസ്.ഐ കുഞ്ഞുമോനും, സീനിയർ സിവിൽ പൊലീസ് ഓഫിസർ മുഹമ്മദ് ഷെബിനും സിവിൽ പൊലീസ് ഓഫിസർ സുജിത്തുമാണ് ഉണ്ടായിരുന്നത്. ഇതിൽ മുഹമ്മദ് ഷെബിൻ വനം വകുപ്പിന്റെ സ്നേക് റെസ്ക്യൂ ലൈസൻസുള്ള സർപ്പ ടീമിലെ ഏക പൊലീസ് ഉദ്യോഗസ്ഥനാണ്. വീട്ടിൽ എത്തി നടത്തിയ പരിശോധനയിലാണ് പാമ്പ് ഫിഷ് ടാങ്കിനുള്ളിൽ ഇരിക്കുന്നതായി ഇദ്ദേഹം കണ്ടത്. തുടർന്ന്, ഇദ്ദേഹം പാമ്പിനെ പിടികൂടി. ഇതിന് ശേഷം വനം വകുപ്പിന്റെ പാറമ്പുഴയിലെ ഓഫിസിൽ എത്തിച്ച് പാമ്പിനെ കൈമാറി.