കൊച്ചി: മൂന്നുദിവസത്തിനിടെ ആറ് കവര്‍ച്ച. തുമ്പൊന്നും ഇല്ലെന്ന ആത്മവിശ്വാസത്തില്‍ സ്ഥലം വിടാനിരിക്കേയാണ്, കൊച്ചിയെ വിറപ്പിച്ച മൂന്നംഗ ഉത്തരേന്ത്യന്‍ കവര്‍ച്ചാസംഘം വലയിലായത്.ഉത്തര്‍പ്രദേശ് സ്വദേശിയും ഡല്‍ഹി ഖയാല ജെ.ജെ. കോളനിവാസിയുമായ മിന്റു വിശ്വാസ് (47), ഹിച്ചാമാപുരില്‍ താമസിക്കുന്ന ഹരിചന്ദ്ര സന്തോഷ് (33), ഉത്തര്‍പ്രദേശ് അമാവതി സ്വദേശി ചന്ദ്രബന്‍ (28) എന്നിവരാണ് പിടിയിലായത്. വിമാനമാര്‍ഗമെത്തി കവര്‍ച്ച ചെയ്ത് വിമാനത്തില്‍ തന്നെ മടങ്ങുന്നതാണ് ഇവരുടെ രീതി. 70,000 രൂപയും 411 ഡോളര്‍ നോട്ടുകളും രണ്ട് വിലകൂടിയ വാച്ചും മൊബൈല്‍ഫോണുകളും കണ്ടെടുത്തു.
ഈമാസം 21ന് ഡല്‍ഹിയില്‍ നിന്നാണ് പ്രതികളെത്തിയത്. ഉത്തരേന്ത്യക്കാര്‍ താമസിക്കുന്ന ലോഡ്ജില്‍ മുറിയെടുത്തു. വന്നിറങ്ങിയ അന്നായിരുന്നു കടവന്ത്ര ജവഹര്‍ നഗറിലെ കവര്‍ച്ച. എട്ടുലക്ഷം രൂപയുടെ സ്വര്‍ണാഭരണവും പണവും കവര്‍ന്നു. അടുത്തദിവസം എളമക്കര കീര്‍ത്തിനഗറിലെ വീട് കുത്തിത്തുറന്ന് മൂന്ന് പവനും 8,500 രൂപയും മൊബൈലും കവര്‍ന്നു. തുടര്‍ന്ന് പാലാവിരട്ടത്തും നോര്‍ത്തിലും എളമക്കരയിലും കവര്‍ച്ച. കടവന്ത്ര, നോര്‍ത്ത്, സെന്‍ട്രല്‍ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ സ്പെഷ്യല്‍ ടീം രൂപീകരിച്ചായിരുന്നു കേസ് അന്വേഷണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കവര്‍ച്ചയ്ക്ക് പിന്നില്‍ മലയാളികളല്ലെന്ന നിഗമനമാണ് പ്രതികളിലേക്കുള്ള വഴിതുറന്നത്. ഉത്തരേന്ത്യക്കാര്‍ താമസിക്കുന്ന ലോഡ്ജുകളും ലേബര്‍ ക്യാമ്പുകളും പരിശോധിച്ചു. പ്രതികളുടേതെന്ന് സംശയിക്കുന്ന സി.സി.ടിവി ദൃശ്യത്തിലുള്ളവരെ ലോഡ്ജുടമ തിരിച്ചറിഞ്ഞു. മിന്റുവിന്റെ പേരും വിലാസവും കിട്ടി.
21ന് കൊച്ചിയില്‍ വിമാനം ഇറങ്ങിയവരില്‍ ഇയാളുമുണ്ടെന്ന് സ്ഥിരീകരിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി. മൊബൈല്‍ നമ്പര്‍ കിട്ടിയതും ഗുണംചെയ്തു. നോര്‍ത്തിലെ വെജിറ്റേറിയന്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തവേയാണ് മൂവരും കുടുങ്ങിയത്. പ്രതികളില്‍ ഒരാള്‍ രാവിലെ കൊച്ചിയിലും വൈകിട്ട് ഡല്‍ഹിയിലും എത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
അടച്ചിട്ടവീടുകളാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. മൂന്നാംവരവിനാണ് കവര്‍ച്ച. കാല്‍നടയായാണ് സഞ്ചാരം. കണ്ടാല്‍ ഓഫീസര്മാരെന്നേ തോന്നൂ. സി.സി.ടിവിയില്‍ പതിഞ്ഞ ദൃശ്യത്തിലെ വേഷമായിരുന്നു പിടികൂടുമ്പോഴും. ഒരു സ്കൂട്ടറും ഉപയോഗിച്ചിരുന്നു. പ്രാദേശിക സഹായം കിട്ടിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.