സര്‍വീസ് ചട്ടങ്ങള്‍ അനുശാസിക്കുന്ന ചാട്ടവാര്‍ ഉപയോഗിച്ച് അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെ വാള്‍ ഓങ്ങിയാല്‍ അംഗീകരിച്ചു കൊടുക്കാനാവില്ല; ഫോക്കസ് ഏരിയ വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ കോണ്‍ഗ്രസ്-സിപിഐ അനുകൂല അധ്യാപക സംഘടനകള്‍ രംഗത്ത്

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫോക്കസ് ഏരിയ വിഷയത്തില്‍ പ്രതികരിച്ച അധ്യാപകരെ വിമര്‍ശിച്ച വിദ്യാഭ്യാസ മന്ത്രിക്കെതിരെ അധ്യാപക സംഘടനകള്‍ രംഗത്ത്. അധ്യാപകര്‍ പഠിപ്പിച്ചാല്‍ മതിയെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്-സിപിഐ അനുകൂല അധ്യാപക സംഘടനകളാണ് രംഗത്തെത്തിയത്. ഒരു ജനാധിപത്യ സമൂഹത്തില്‍ എതിര്‍പ്പുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും സ്ഥാനമുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ജനാധിപത്യത്തിന് യോജിച്ചതല്ലെന്ന് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ കുറ്റപ്പെടുത്തി. സര്‍വീസ് ചട്ടങ്ങള്‍ അനുശാസിക്കുന്ന ചാട്ടവാര്‍ ഉപയോഗിച്ച് അധ്യാപക സംഘടനകളുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെ ആര് വാള്‍ ഓങ്ങിയാലും അംഗീകരിച്ചു കൊടുക്കാനാവില്ലെന്ന് സിപിഐ സംഘടനയായ എകെഎസ്ടിയു പ്രതികരിച്ചു.

Advertisements

ഫോക്കസ് ഏരിയ നിര്‍ണയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച ഏകപക്ഷീയമായ നടപടിക്കെതിരെ ബുധനാഴ്ച സംസ്ഥാനത്തെ മുഴുവന്‍ ഉപജില്ലാ കേന്ദ്രങ്ങളിലും കെ.പി.എസ്.ടി.എ പ്രതിഷേധം നടത്താന്‍ തീരുമാനിച്ചു. അധ്യാപകരുടെ ജോലി പഠിപ്പിക്കല്‍ ആണെന്നും അവരത് ചെയ്താല്‍ മതിയെന്നുമായിരുന്നു ഫോക്കസ് ഏരിയ വിഷയത്തില്‍ മന്ത്രിയുടെ പ്രതികരണം. വിദ്യാഭ്യാസ വകുപ്പിലെ ഓരോ ഉദ്യോഗസ്ഥനും ചുമതലകള്‍ നിശ്ചയിച്ചിട്ടുണ്ട്. അവര്‍ ആ ചുമതല നിര്‍വഹിച്ചാല്‍ മതി. എല്ലാവരും ചേര്‍ന്നുകൊണ്ട് ഒരു ചുമതല നിര്‍വഹിക്കണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു- ഇതാണ് വിമര്‍ശനത്തിന് വഴിവച്ചത്.

Hot Topics

Related Articles