ഇന്ന് ലോക ഭക്ഷ്യദിനം, ഭക്ഷണം എല്ലാവരുടെയും അവകാശം; പരിശുദ്ധ കാതോലിക്കാ ബാവ

കോട്ടയം : ഭക്ഷണം എല്ലാവരുടെയും അവകാശമാണെന്നും, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ ഭരണകൂടത്തോടൊപ്പം കൈകോര്‍ത്തു പ്രവര്‍ത്തിക്കുവാന്‍ മതസാമൂഹ്യ പ്രസ്ഥാനങ്ങള്‍ക്ക് ധാര്‍മ്മിക ഉത്തരവാദിത്വം ഉണ്ടെന്നും നവാഭിഷിക്തനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതിയന്‍ കാതോലിക്കാ ബാവാ പ്രസ്താവിച്ചു.

Advertisements

ആര്‍പ്പൂക്കര പഞ്ചായത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭക്ഷ്യസുരക്ഷാ കിറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റോസിലി ടോമിക്ക് കൈമാറിക്കൊണ്ട് കാതോലിക്കാ ബാവാ തിരുമേനി നിര്‍വ്വഹിച്ചു. ആഘോഷങ്ങളുടെ പേരില്‍ ഭക്ഷണം പാഴാക്കി കളയുന്നത് ദു:ഖകരമാണെന്നു മാത്രമല്ല ഈശ്വര നിന്ദകൂടിയാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. കാതോലിക്കാ സ്ഥാനാരോഹണത്തിനുശേഷമുള്ള ആദ്യദിനം നവജീവന്‍ അന്തേവാസികള്‍ക്കൊപ്പം ഭക്ഷണം വിളമ്പിക്കൊടുത്തും, ഭക്ഷണം പങ്കിട്ടും പരിശുദ്ധ ബാവാ അവിസ്മരണീയമാക്കി. ഭക്ഷ്യമാലിന്യം, കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള പാരിസ്ഥിക പ്രശ്‌നങ്ങള്‍ക്കും കാരണമാണ്. ഭക്ഷ്യമാലിന്യം കുറയ്ക്കുവാനുള്ള ഐക്യരാഷ്ട്രസഭയുടെ ആഹ്വാനത്തെ ഓരോ പൗരനും ഏറ്റെടുക്കണമെന്ന് പരിശുദ്ധ ബാവാതിരുമേനി ഓര്‍മ്മിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നവജീവന്‍ ട്രസ്റ്റി പി.യു. തോമസിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മാതൃകയാണെന്ന് ചടങ്ങില്‍ സംസാരിച്ച അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ പ്രസ്താവിച്ചു.
പരിശുദ്ധ ബാവാ തിരുമേനിയുടെ സന്ദര്‍ശനം പ്രമാണിച്ച് നവജീവന്‍ ട്രസ്റ്റിന്റെ സ്ഥലത്ത് നടുവാനുള്ള ഒലിവ് തൈയും നവജീവന്‍ കുടുംബാംഗങ്ങള്‍ക്കുളള സമ്മാനങ്ങളും പരിശുദ്ധ ബാവാ തിരുമേനി ട്രസ്റ്റി പി.യു. തോമസിനെ ഏല്‍പ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റോസിലി ടോമി, മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. വര്‍ഗീസ് പി. പുന്നൂസ് എന്നിവര്‍ സംസാരിച്ചു.

Hot Topics

Related Articles