മകന് ഭക്ഷ്യവിഷ ബാധ ഏറ്റതിൽ മനം നൊന്ത് പൊലീസുകാരൻ ഹോട്ടൽ അടിച്ച് തകർത്ത സംഭവം : ചങ്ങനാശേരി സ്റ്റേഷനിലെ സിപിഒയ്ക്ക് സസ്പെൻഷൻ 

ആലപ്പുഴ: മദ്യലഹരിയില്‍ ഹോട്ടല്‍ അടിച്ചു തകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത പൊലീസുകാരനെതിരെ നടപടി. ചങ്ങനാശേരി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്ന കെ എഫ് ജോസഫിനെ സർവീസില്‍ നിന്ന് സസ്‌പെൻഡ് ചെയ്തു. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവെെഎസ്‌പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Advertisements

ആലപ്പുഴ വാടക്കല്‍ സ്വദേശിയാണ് കെ എഫ് ജോസഫ്. ആലപ്പുഴ സൗത്ത് പൊലീസ് നേരത്തെ ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പൊലീസുകാരന്റെ അതിക്രമത്തില്‍ ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഹോട്ടലുടമ ആരോപിച്ചു. ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച മകന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിന്റെ മനോവിഷമത്തിലാണ് ഹോട്ടലില്‍ ആക്രമിച്ചതെന്നും മദ്യപിച്ചതോടെ തന്റെ മനോനില തെറ്റിയെന്നും ജോസഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചങ്ങനാശേരിയില്‍ ഡ്യൂട്ടി കഴിഞ്ഞ് വന്നശേഷമാണ് പ്രതി അക്രമം നടത്തിയത്. ആലപ്പുഴയിലെ ബാറില്‍ എത്തി മദ്യപിച്ച ശേഷമായിരുന്നു സംഭവം. അടുത്ത വീട്ടിലെ സുഹൃത്തിന്റെ കയ്യില്‍ നിന്നാണ് വടിവാള്‍ വാങ്ങിയതെന്നും പ്രതിയായ പൊലീസുകാരൻ മൊഴി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഹോട്ടലിനകത്തേക്ക് ബൈക്ക് ഇടിച്ചു കയറ്റിയ പ്രതി ചില്ലുകളടക്കം ഉപകരണങ്ങള്‍ അടിച്ചുതകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തത്. വൈകിട്ട് നാലരയോടെ കളര്‍കോടെ അഹലാൻ കുഴിമന്തി ഹോട്ടലിലാണ് അതിക്രമങ്ങള്‍ അരങ്ങേറിയത്. ബൈക്കിന് മുന്നില്‍ വടിവാള്‍ വെച്ചുകൊണ്ടാണ് സിവില്‍ പൊലീസ് ഓഫീസറായ കെ ജെ ജോസഫ് ഹോട്ടലില്‍ എത്തിയത്.

ആദ്യം ഹോട്ടലിന്റെ ചില്ലുകള്‍ അടിച്ചു തകർത്തു. ഇരുചക്രവാഹനം ഹോട്ടലിലേയ്ക്ക് ഓടിച്ചു കയറ്റി. ഹോട്ടല്‍ ജീവനക്കാരെ ആക്രമിച്ചു. അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ജോസഫ് മദ്യലഹരിയില്‍ ആയിരുന്നു. ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ നിന്ന് രണ്ട് പൊലീസുകാർ എത്തിയിട്ടും ജോസഫ് പിന്മാറാൻ തയ്യാറായില്ല. പിന്നീട് നാട്ടുകാർ പിടികൂടി പൊലീസുകാർക്ക് കൈമാറുകയിരുന്നു.

വെെകിട്ടോടെ ജോസഫിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് സേനയ്ക്ക് തന്നെ നാണക്കേടായ വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട് അടിസ്ഥാനമാക്കി ജോസഫിനെ സസ്പെൻഡ് ചെയ്തത്.

Hot Topics

Related Articles