മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിൽ 2000 പേർക്ക് ഭക്ഷ്യവിഷബാധ. നന്ദേഡിലെ കോഷ്ത്വഡി ഗ്രാമത്തിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട മതപരമായ ചടങ്ങിനിടെ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരുടേയും സ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം. നന്ദേഡ് ജില്ലയിലെ സവർഗാവ്, പോസ്റ്റ്‌വാഡി, റിസാൻഗാവ്, മാസ്‌കി തുടങ്ങിയ സമീപ ഗ്രാമങ്ങളിൽ നിന്നുള്ള നാട്ടുകാരെ ഒരുമിച്ച് കൊണ്ടുവന്നുള്ള മതപ്രഭാഷണത്തിനിടെയാണ് സംഭവം.
ചൊവ്വാഴ്ച രാത്രി ഭക്ഷണം ഇവിടെ നിന്നും കഴിച്ചവർക്ക് ബുധനാഴ്ച പുലർച്ചെ മുതൽ തന്നെ പ്രശ്നങ്ങൾ തുടങ്ങി. നിരവധി പേർക്കാണ് കാര്യമായ തോതിൽ ഛർദ്ദിയും വയറിളക്കവും ഉണ്ടായത്. ഏകദേശം രണ്ടായിരത്തോളം പേരാണ് ഇവിടെ പ്രാഥമിക ചികിത്സ തേടിയത്. നന്ദേഡ് ജില്ലയിലെ ലോഹയിലെ ഉപജില്ലാ ആശുപത്രിയിൽ മാത്രം 150 ഓളം പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരുടേയും സ്ഥിതി ഗുരുതരമല്ലെങ്കിലും സ്ഥലത്തെ മെഡിക്കൽ കോളേജ് ഉൾപ്പെടെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലായി 870 രോഗികൾ കൂടി വൈദ്യസഹായം തേടിയിട്ടുണ്ട്. പ്രദേശത്ത് അടിയന്തര സഹായത്തിനായി അഞ്ചു സംഘങ്ങളെ നിയോഗിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായും അധികൃതർ വ്യക്തമാക്കി.