പാലക്കാട്: കുമ്പാച്ചി മല കയറിയ ബാബുവിനെതിരെ കേസെടുത്ത് വനംവകുപ്പ്. വനത്തില്‍ അതിക്രമിച്ച് കടന്നതിനാണ് കേരളാ ഫോറസ്റ്റ് ആക്ട്(27) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. ബാബുവിനൊപ്പം മല കയറിയ കുട്ടികള്‍ക്കെതിരെയും കേസ് എടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വാളയാര്‍ റേഞ്ച് ഓഫീസറാണ് കേസെടുത്തിരിക്കുന്നത്. ഇന്ന് ബാബുവിന്റെ വീട്ടിലെത്തി ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയിരുന്നു. ബാബുവിനെതിരെ കേസ് എടുക്കില്ലെന്നാണ് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ നേരത്തെ അറിയിച്ചിരുന്നത്.
എന്നാല്‍, ബാബുവിനെതിരെ കേസെടുക്കാമെന്ന് ബാബുവിന്റെ ഉമ്മ റഷീദ വ്യക്തമാക്കിയിരുന്നു. ബാബു ബുദ്ധിമോശം കാണിച്ചത് കൂടുതല്‍ ആളുകള്‍ അവസരമാക്കി എടുക്കുകയാണെന്നും ഉമ്മ പറയുന്നു. ആരും ഇനി മലയിലേക്ക് കയറി നാട്ടുകാരെയും അധികൃതരെയും ബുദ്ധിമുട്ടിലാക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബാബു കുടുങ്ങിയ കുമ്പാച്ചി മലയില്‍ വീണ്ടും ആളുകള്‍ കയറിയത് വിവാദമായിരുന്നു. മലമുകളില്‍ നിന്നും ഫ്ലാഷ് വെളിച്ചം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരാണ് അധികൃതരെ വിവരം അറിയിച്ചത്. മലമ്പുഴ ആനക്കല്‍ സ്വദേശിയെ മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ മലയില്‍ കൂടുതല്‍ ആളുകളുണ്ടെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. അനുമതിയില്ലാതെ മലയില്‍ കയറരുതെന്ന് വനം വകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.
മലമ്പുഴ ചെറാട് കൂമ്പാച്ചിമലയില്‍ 46 മണിക്കൂര്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ ചെലവ് 75 ലക്ഷമെന്ന് പ്രാഥമിക കണക്ക്. അതിനിടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഫയര്‍ ഫോഴ്‌സിന് വീഴ്ച പറ്റിയതായും വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ അഗ്‌നിരക്ഷാ ഓഫീസര്‍ക്ക് ഫയര്‍ ആന്റ് റെസ്‌ക്യൂ ഡയറക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ബാബുവിന് വീട് വാഗ്ദാനവുമായി വി കെ ശ്രീകണ്ഠന്‍ എംപിയും രംഗത്തെത്തി.