ജമ്മു : ജമ്മു കശ്മീരിലെ ശ്രീനഗറിൽ ജെയ്‌ഷെ മുഹമ്മദ് ഭീകര മൊഡ്യൂൾ തകർത്ത് സുരക്ഷാ സേന. നാല് ജെയ്ഷെ ഭീകരർ പിടിയിൽ. ഇവരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സുരക്ഷാ സേനയും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.
ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് ശനിയാഴ്ച വൈകുന്നേരം ശ്രീനഗർ പൊലീസും സിആർപിഎഫ് 29 ബറ്റാലിയനും ഉൾപ്പെടുന്ന സംയുക്ത സംഘം കെനിഹാമ പ്രദേശത്ത് ചെക്ക് പോസ്റ്റ് സ്ഥാപിക്കുകയും വാഹന പരിശോധന നടത്തുകയുമായിരുന്നു. ഇതിനിടെയാണ് ഇവർ പിടിയിലായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാഹന പരിശോധനയ്ക്കിടെ ഒരു വെള്ള കാർ സംയുക്ത സംഘം തടഞ്ഞുനിർത്തി പരിശോധിക്കുകയും വാഹനത്തിലുണ്ടായിരുന്നവർ ഭീകരരാണെന്ന് തിരിച്ചറിയുകയുമായിരുന്നു. ലച്നാമ്പൽ സഫ്രാൻ കോളനി പന്തചൗക്കി സ്വദേശികളായ എംഡി യാസീൻ ഭട്ട്, ഷെറാസ് അഹമ്മദ് റാത്തർ, ഗുലാം ഹസ്സൻ ഖണ്ഡേ, ഫ്രെസ്റ്റബൽ പാംപോറി സ്വദേശി ഇംതിയാസ് അഹമ്മദ് ഭട്ട് എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ കാറിൽ നടത്തിയ പരിശോധനയിൽ, മൂന്ന് മാഗസിനുകളുള്ള ഒരു എകെ 56 റൈഫിൾ, 7.62 x 39 എംഎം 75 റൗണ്ടുകളും, 2 മാഗസിനുകളുള്ള ഒരു ഗ്ലോക്ക് പിസ്റ്റളും, 9 എംഎം ൻ്റെ 26 റൗണ്ടുകളും, ആറ് ചൈനീസ് ഗ്രനേഡുകളും ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.