റോം: സ്വവർഗാനുരാഗികളെ അധിക്ഷേപിക്കുന്ന വാക്കുപയോഗിച്ചു എന്ന ആരോപണത്തിൽ മാപ്പുചോദിച്ച് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാൻ വക്താവാണ് ഇമെയിലിലൂടെ മാപ്പപേക്ഷ അറിയിച്ചത്. ആരെയും അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ മാർപാപ്പ ഉദ്ദേശിച്ചിരുന്നില്ലെന്ന് വക്താവ് പ്രതികരിച്ചു. എൽജിബിടി സമൂഹത്തെ വിശേഷിപ്പിക്കാൻ പോപ്പ് ഇറ്റാലിയൻ ഭാഷയിലെ അധിക്ഷേപ വാക്കുപയോഗിച്ചുവെന്ന് ഇറ്റാലിയൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഇറ്റാലിയൻ ബിഷപ്പ്‌സ് കോൺഫറൻസിലാണ് മാർപ്പാപ്പ വിവാദ പരാമർശം നടത്തിയത്. സ്വവർഗാനുരാഗികളായ പുരുഷന്മാരെ പൗരോഹിത്യ പരിശീലനത്തിന് അനുവദിക്കരുതെന്ന് മാർപ്പാപ്പ പറഞ്ഞതായി റിപ്പോർട്ടുകൾ വന്നു. പിന്നാലെ സ്വവർഗാനുരാഗികളെ ഇറ്റാലിയൻ ഭാഷയിലെ മോശം വാക്കുപയോഗിച്ച് പോപ്പ് വിശേഷിപ്പിച്ചെന്നായിരുന്നു ആരോപണം. അടച്ചിട്ട മുറിയിൽ നടന്ന യോഗത്തിലെ പരാമർശം പുറത്തുവരികയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇറ്റാലിയൻ ടാബ്ലോയിഡ് വെബ്‌സൈറ്റ് ഡാഗോസ്പിയ ആണ് മാർപ്പാപ്പയുടെ പരാമർശം ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നാലെ മറ്റ് ഇറ്റാലിയൻ വാർത്താ ഏജൻസികളും ഇത് സ്ഥിരീകരിച്ചു.
പള്ളിയിൽ എല്ലാവർക്കും ഇടമുണ്ടെന്ന് ആവർത്തിക്കാറുള്ള പോപ്പ് സ്വവർഗാനുരാഗികളെ അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്ന് വക്താവ് വിശദീകരിച്ചു. പോപ്പ് ഉപയോഗിച്ച ആ വാക്ക് വേദനിപ്പിച്ചവരോട് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ സ്വവർഗ ദമ്പതികള്‍ക്ക് ആശീര്‍വാദം നല്‍കാൻ പോപ്പ് പുരോഹിതർക്ക് അനുമതി നൽകിയിരുന്നു.
സ്വവർഗ ദമ്പതികള്‍ക്ക് കൂദാശയോ ആരാധനാക്രമമോ ഇല്ലാതെ ആശീര്‍വാദം നല്‍കാനാണ് പോപ്പ് അനുമതി നല്‍കിയത്. അനുഗ്രഹം തേടാനും സഭയോട് അടുത്തുനില്‍ക്കാനും ആഗ്രഹിക്കുന്നവരെ അതിരുവിട്ട ധാര്‍മിക വിചാരണയിലൂടെ തടയേണ്ടതില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അതേസമയം സഭയുടെ കാഴ്ചപ്പാടില്‍ വിവാഹം എന്നാല്‍ സ്ത്രീയും പുരുഷനും തമ്മിലെ ആജീവനാന്ത ഉടമ്പടിയാണ്.
എന്നാല്‍ അതിനു പുറത്തുനില്‍ക്കുന്നവര്‍ ആശീര്‍വാദം തേടിയെത്തിയാല്‍ പുറത്തുനിര്‍ത്തേണ്ടതില്ല എന്നാണ് സഭയുടെ തീരുമാനം. ആഫ്രിക്കൻ സഭകളിൽ നിന്നടക്കം പോപ്പിന്‍റെ നിർദേശത്തിനെതിരെ വിമർശനം ഉയർന്നു. ഇപ്പോൾ തന്‍റെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുന്നവർ ഭാവിയിൽ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് ഇതു സംബന്ധിച്ച് മാർപ്പാപ്പ പ്രതികരിച്ചത്.