കോഴിക്കോട് : സംസ്ഥാന സര്‍ക്കാരിന്റെ പോസിറ്റീവായ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും, പലകാര്യങ്ങളും സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുക എന്നതാണ് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം. മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്നത് ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എമാരുടെ പരാതികള്‍ പോലും പരിഹരിക്കാൻ സാധിക്കാത്ത സര്‍ക്കാരാണ് നവകേരള സദസ്സ് നടത്തുന്നതെന്ന മഞ്ചേശ്വരം എംഎല്‍എയുടെ വിമര്‍ശനത്തിനെതിരെ മന്ത്രി അഹമ്മദ് ദേവര്‍കോവിലും രംഗത്തെത്തി.
നവകേരള സദസിനെ ജനങ്ങള്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ചുവെന്ന് മന്ത്രി റിയാസ് പറഞ്ഞു. പ്രതിപക്ഷത്തെ പല എംഎല്‍എമാര്‍ക്കും പങ്കെടുക്കാൻ താത്പര്യമുണ്ട്, എന്നാല്‍ നേതൃത്വം സമ്മതിക്കുന്നില്ല. പ്രതിപക്ഷ എംഎല്‍എമാര്‍ നവകേരള സദസില്‍ നിന്ന് മാറി നില്‍ക്കുന്നത് ജനങ്ങളുടെ മുന്നില്‍ നിന്നും മാറി നില്‍ക്കുന്നതിന് തുല്യമാണ്. പ്രതിപക്ഷത്തിന്റെ ആരോപണം ഹിമാലയം ബ്ലണ്ടറാണെന്ന് പറഞ്ഞ മന്ത്രി പ്രതിപക്ഷ എംഎല്‍എമാര്‍ക്കിടയില്‍ തന്നെ ഇത്തരം അഭിപ്രായങ്ങള്‍ ഉയരുന്നുണ്ടെന്നും പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നവ കേരള സദസ്സില്‍ പൊതുജനങ്ങളുടെ സൗകര്യം മാനിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് പരാതി സ്വീകരിക്കാത്തതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എല്ലാ നവകേരള സദസിലും കൗണ്ടറുകള്‍ വഴി പരാതി സ്വീകരിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പരാതികള്‍ ഒരു മാസത്തിനകം പരിഹരിക്കാനുള്ള സംവിധാനമുണ്ടാകും. ലോക ചരിത്രത്തില്‍ തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ കാണാൻ ഒന്നിച്ചിറങ്ങുന്നത് ആദ്യമായാണെന്നും മന്ത്രി വ്യക്തമാക്കി.