ഡല്‍ഹി : ഐപിസി, സിആര്‍പിസി, എവിഡന്‍സ് ആക്റ്റ് എന്നിവയ്ക്ക് പകരമുള്ള മൂന്ന് ബില്ലുകളുടെ കരട് റിപ്പോര്‍ട്ടുകള്‍ പരിഗണിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി ആഭ്യന്തരകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഒക്ടോബര്‍ 27ന് തന്നെ യോഗം ചേരും. ഒക്ടോബര്‍ 21 ന് വൈകുന്നേരം തങ്ങള്‍ക്ക് ലഭിച്ച മൂന്ന് റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ വേണ്ടത്ര സമയം ലഭിച്ചില്ലെന്നാണ് എംപിമാര്‍ വ്യക്തമാക്കുന്നത്. തിടുക്കപ്പെട്ടുള്ള നടപടിക്രമങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് രണ്ട് എംപിമാരും കത്തയച്ചത്. എന്നാല്‍ നേരത്തെ നിശ്ചയിച്ച ദിവസം തന്നെ കരട് പരിഗണിക്കുമെന്നാണ് ആഭ്യന്തരകാര്യ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയുടെ നിലപാട്.
ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സന്‍ഹിത, ഭാരതീയ സാക്ഷ്യ ബില്ലുകള്‍ എന്നിവ പരിശോധിക്കുന്ന സമിതി, കരട് റിപ്പോര്‍ട്ടുകള്‍ ഒക്ടോബര്‍ 27 ന് അംഗീകരിക്കുമെന്ന് നോട്ടീസിലൂടെ അംഗങ്ങളെ അറിയിച്ചു. ബില്ലുകളുടെ സൂക്ഷ്മപരിശോധനാ പ്രക്രിയയെക്കുറിച്ച് ആശങ്കകള്‍ ഉന്നയിച്ച് പ്രതിപക്ഷ എംപിമാര്‍ പാനല്‍ ചെയര്‍പേഴ്സണിന് കത്തെഴുതുകയായിരുന്നു. യോഗം മാറ്റിവെക്കണമെന്നായിരുന്നു അവരുടെ ആവശ്യം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കുന്നതിനെതിരെ പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്കിലെ അംഗങ്ങള്‍ വിയോജനക്കുറിപ്പുകള്‍ സമര്‍പ്പിക്കുമെന്നാണ് വിവരം. 30 അംഗ പാനലില്‍ ബിജെപിക്ക് 16 പേരാണുള്ളത്. അതേസമയം വിദഗ്ധ നിര്‍ദേശം ഇനിയും സ്വീകരിക്കാനുണ്ടെന്നും യോഗം വിളിക്കുമെന്നുള്ള പുതിയ അറിയിപ്പില്‍ പ്രതിപക്ഷം എംപിമാര്‍ അസ്വസ്ഥരാണ്. ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് യു യു ലളിത്, വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, പ്രമുഖ നിയമജ്ഞന്‍ ഫാലി നരിമാന്‍, മുതിര്‍ന്ന അഭിഭാഷക റബേക്ക ജോണ്‍, അഡ്വക്കേറ്റ് മേനക ഗുരുസ്വാമി എന്നിവരാണ് വിദഗ്ധ നിര്‍ദേശം നല്‍കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതേസമയം, ദുര്‍ഗ്ഗാ പൂജയ്ക്ക് ശേഷം ബംഗാളില്‍ ആഘോഷിക്കുന്ന ലക്ഷ്മി പൂജയ്ക്ക് ഒരു ദിവസം മുൻപ് യോഗം വിളിച്ചതില്‍ പാനലിലെ ടിഎംസി എംപിമാര്‍ ആശങ്ക പ്രകടിപ്പിച്ചു.