കൊട്ടാരക്കര: പുറത്തു നിന്നു വാങ്ങുന്ന കഞ്ചാവിന് കച്ചവടക്കാർ വൻ വില ഈടാക്കുന്ന സാഹചര്യത്തിൽ വീട്ടുവളപ്പിൽ തന്നെ കഞ്ചാവ് നട്ടു വളർത്തിയ സ്ത്രീ അറസ്റ്റിലായി. കൊട്ടാരക്കര താലൂക്കിൽ മേലില വില്ലേജിൽ കണിയാൻകുഴി കാരാണിയിൽ തുളസിയാണ് എക്സൈസ് വകുപ്പിന്റെ പിടിയിലായത്.
തുളസി, കഞ്ചാവ് ഉപയോഗിക്കുകയും വിൽക്കുകയും ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. തുടർന്ന് ഇവരുടെ വീട്ടുമുറ്റത്ത് നിന്ന് 10 അടി ഉയരവും 61 ശിഖരത്തോടും കൂടിയ വിളവെടുക്കാൻ പാകമായ കഞ്ചാവ് ചെടി കണ്ടെത്തുകയായിരുന്നു. കഞ്ചാവ് വാങ്ങുന്നതിന് കൂടുതൽ ചിലവ് വരുന്ന സാഹചര്യത്തിലാണ് നട്ടുവളർത്താൻ തീരുമാനിച്ചതെന്ന് തുളസി പറഞ്ഞു.