പത്തനംതിട്ടയിൽ വീണ്ടും കഞ്ചാവ് വേട്ട : ഒരു കിലോ കഞ്ചാവുമായി അച്ഛനും മകനും അറസ്റ്റിൽ

പത്തനംതിട്ട : പോലീസിന്റെ നേതൃത്വത്തിൽ വീണ്ടും വൻ കഞ്ചാവുവേട്ട, അച്ഛനും മകനും അറസ്റ്റിൽ. അടൂർ പള്ളിക്കൽ തെങ്ങമം പുന്നാറ്റുകര വടക്കേവീട്ടിൽ രവീന്ദ്രൻ (57) ഇയാളുടെ മകൻ മണികണ്ഠൻ എന്നിവരാണ് ഡാൻസാഫ് സംഘവും അടൂർ പോലീസും ചേർന്ന് നടത്തിയ റെയ്ഡിൽ പിടിയിലായത്. വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച ഒരു കിലോ കഞ്ചാവ് പിടിച്ചെടുത്തു. രവീന്ദ്രൻ മുമ്പ് അബ്കാരി കേസിലും കഞ്ചാവ് കേസിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

Advertisements

ഡാൻസാഫ് ജില്ലാ നോഡൽ ഓഫീസറും നർകോട്ടിക് സെൽ ഡി വൈ എസ് പിയുമായ കെ എ വിദ്യാധരന്റെ മേൽനോട്ടത്തിലാണ് റെയ്ഡ് നടന്നത്. പ്രതികൾ നാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരം റേഞ്ച് ഡി ഐ ജി യുടെ നിർദേശപ്രകാരം ജില്ലയിൽ വ്യാപകമായ ലഹരിവേട്ട നടന്നിരുന്നു. അതിഥിതൊഴിലാളി ഉൾപ്പെടെ അറസ്റ്റിലാവുകയും ചെയ്തിരുന്നു. പശ്ചിമബംഗാൾ മുർഷിദാബാദ് ലാൽഗോല രാജാരാംപുർ ചക്മാഹാറം എന്ന സ്ഥലത്ത് മോർട്ടുജ മകൻ പിന്റു ഷെയ്ഖ് (28) എന്നയാളെ ഒരു കിലോ കഞ്ചാവുമായാണ് അടൂർ ഏഴാംമൈലിൽ വച്ച് ഏനാത്ത് പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലയിൽ ലഹരി വസ്തുക്കളുടെ കൈമാറ്റവും വില്പനയും തടയുന്നതിന് ശക്തമായ നടപടികളാണ് പോലീസ് കൈക്കൊണ്ടുവരുന്നതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ എല്ലാത്തരം ലഹരിമരുന്നുകളുടെയും സാന്നിധ്യം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധപതിപ്പിക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
റെയ്ഡിൽ ഡാൻസാഫ് സംഘത്തിലെ എസ് ഐ അനൂപ്, അടൂർ എസ് ഐ മനീഷ്, ഡാൻസാഫ് എ എസ് ഐ അജികുമാർ, സി പി ഓമാരായ മിഥുൻ, ബിനു, അഖിൽ, ശ്രീരാജ്, സുജിത്, അടൂർ പോലീസ് സ്റ്റേഷനിലെ സി പി ഓ സൂരജ് തുടങ്ങിയവർ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി. കഞ്ചാവിന്റെ ഉറവിടം തുടങ്ങിയുള്ള വിവരങ്ങൾ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.

Hot Topics

Related Articles