തിരുവനന്തപുരം : സംസ്ഥാനത്ത് വെളുത്തുള്ളി വില റെക്കോർഡിലേക്ക്. കഴിഞ്ഞ ഏതാനും ആഴ്ചകളായി വെളുത്തുള്ളി വിലയിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ, വിവിധ മാർക്കറ്റുകളിൽ വെളുത്തുള്ളി വില കിലോയ്ക്ക് 500 രൂപ വരെ എത്തിയിട്ടുണ്ട്. രണ്ടാഴ്ച കൊണ്ട് ഏകദേശം 100 രൂപയിലധികമാണ് ഉയർന്നത്. കഴിഞ്ഞയാഴ്ച വരെ കിലോയ്ക്ക് 300 രൂപയായിരുന്നു വില. സമീപ കാലയളവിൽ ഇതാദ്യമായാണ് വെളുത്തുള്ളി വില 500 രൂപയ്ക്കടുത്ത് എത്തുന്നത്. അപ്രതീക്ഷിതമായ വിലക്കയറ്റം വിപണിയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
സാധാരണയായി ശൈത്യ കാലങ്ങളിൽ വെളുത്തുള്ളിയുടെ വില വർദ്ധിക്കാറുണ്ട്. എന്നാൽ, ഇക്കുറി റെക്കോർഡ് വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കിലോയ്ക്ക് 30-40 രൂപയായിരുന്നു വില. വെളുത്തുള്ളിയുടെ ലഭ്യത കുറഞ്ഞതോടെയാണ് വിലയും അനുപാതികമായി ഉയർന്നത്. മധ്യപ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് വെളുത്തുള്ളി എത്തുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് വിളവ് കുറഞ്ഞതോടെ ഇറക്കുമതിയും ഇടിയുകയായിരുന്നു. വെളുത്തുള്ളിയുടെ വരവ് നിലച്ചതാണ് വില വർദ്ധിക്കാനുള്ള പ്രധാന കാരണം.