ഡമാസ്കസ് : ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് അറബ് രാഷ്ട്രങ്ങള്‍. ഇക്കാര്യം ഇസ്രയേലിനെ അറിയിക്കണമെന്ന് അറബ് രാഷ്ട്രങ്ങള്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനോട് ആവശ്യപ്പെട്ടു. എന്നാല്‍, ഈ സമയത്ത് വെടിനിര്‍ത്തുന്നത് ഹമാസിന് പുനസ്സംഘടിക്കാനും വീണ്ടും ഇസ്രയേൽ ആക്രമിക്കാനും സഹായകമാകുമെന്ന് ബ്ലിങ്കന്‍ പ്രതികരിച്ചു. ബന്ദികളെ ഹമാസ് മോചിപ്പിക്കും വരെ താത്ക്കാലിക വെടിനിര്‍ത്തല്‍ ഉണ്ടാകില്ലെന്ന് ഇസ്രയേലും വ്യക്തമാക്കി.
ജോര്‍ദാന്‍, ഈജിപ്ത് എന്നിവയും ബ്ലിങ്കനെ അനുകൂലിച്ച് രംഗത്തെത്തി. ബന്ദികളെ വിട്ടയക്കാന്‍ ഹമാസ് തയ്യാറാകണമെന്നും ആയിരക്കണക്കിന് സിവിലിയന്മാരുടെ മരണത്തെ സ്വയം പ്രതിരോധമായി കാണാനാകില്ലെന്നും ഇരു രാഷ്ട്രങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ അമ്മാനില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതിനിടെ, ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇതുവരെ 9,250 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ്സയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഗസ്സയില്‍ കൊല്ലപ്പെടുന്ന സിവിലിയന്മാരുടെ എണ്ണം പെരുകുന്നതിനിടെ വെടിനിര്‍ത്തലിന് അന്താരാഷ്ട്ര തലത്തില്‍ വ്യാപകമായി ആവശ്യമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇത് അംഗീകരിക്കാന്‍ ഇസ്രയേലോ അമേരിക്കയോ ഇതുവരെ തയ്യാറായിട്ടില്ല.