ബാങ്കോക്ക്: സ്വവർഗ വിവാഹങ്ങളെ നിയമവിധേയമാക്കുന്ന ഏഷ്യയിലെ മൂന്നാമത്തെ രാജ്യമായി തായ്‌ലൻഡ്. ബുധനാഴ്ച്ച പാർലമെന്റിൽ വിവാഹ സമത്വ ബിൽ പാസാക്കിയതോടെയാണ് പുതു ചരിത്രം പിറന്നത്. തായ്‍ലൻഡിൽ ബിൽ നിയമമായി മാറാൻ സെനറ്റിന്റെ അംഗീകാരവും രാജാവിന്റെ അനുമതിയും വേണം. ഭരണ പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് നിന്നാണ് ബിൽ പാസ്സാക്കിയെടുത്തത്. 415 പാർലമെന്റ് അംഗങ്ങളിൽ 400 പേരും ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്തു .
10 പേർ മാത്രം എതിർത്ത് വോട്ട് ചെയ്തു. സമൂഹത്തിലെ അസമത്വം കുറയ്ക്കുന്നതിനും സമത്വം സൃഷ്ടിക്കുന്നതിനും വേണ്ടി എല്ലാ തായ് മനുഷ്യർക്കും വേണ്ടിയാണ് ഈ ബില്ലെന്ന് ബിൽ അവതരണത്തിന് മുമ്പ് പാർലമെന്റ് കമ്മറ്റി ചെയർമാൻ ഡാനുഫോർൺ പുന്നകാന്ത പറഞ്ഞു. രാജാവിന്റെ അനുമതി കൂടി കിട്ടുന്നതോടെ 120 ദിവസത്തിനുള്ളിൽ നിയമം പ്രാബല്യത്തിൽ വരും. നിലവിൽ ഏഷ്യയിൽ നേപ്പാളും തായ്‍വാനുമാണ് സ്വവർഗ വിവാഹങ്ങൾ നിയമ വിധേയമാക്കിയ രാജ്യങ്ങൾ.