ഗസ്സയില്‍ മാധ്യമപ്രവർത്തകരെയും വധിച്ച്‌ ഇസ്രായേല്‍:  രണ്ടു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു 

ഗസ്സ: ഹമാസ് തലവൻ ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകത്തിനു പിന്നാലെ ഗസ്സയില്‍ മാധ്യമപ്രവർത്തകരെയും വധിച്ച്‌ ഇസ്രായേല്‍. അല്‍ജസീറ അറബിക് ജേണലിസ്റ്റ് ഇസ്മാഈല്‍ അല്‍ ഗൗല്‍, കാമറാമാൻ റാമി അല്‍ റഫീ എന്നിവരാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വെസ്റ്റ് ഗസ്സ സിറ്റിയിലെ ഷാതി അഭയാർഥി ക്യാമ്ബില്‍ ബുധനാഴ്ച നടന്ന ആക്രമണത്തിലാണ് രണ്ട് മാധ്യമപ്രവർത്തകർക്കു കൂടി ജീവൻ നഷ്ടമായത്. ഇറാൻ തലസ്ഥാനമായ തെഹ്റാനില്‍ കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെ ഗസ്സയിലെ വീടിന് സമീപത്തു നിന്നുള്ള റിപ്പോർട്ടിങ്ങിന് പോയതായിരുന്നു ഇരുവരും. റിപ്പോർട്ടിങ്ങിനിടെ ഇസ്രായേല്‍ ആക്രമണം ഉണ്ടാവുകയായിരുന്നു.

Advertisements

‘ഗസ്സയിലെ നിരപരാധികളായ ജനങ്ങള്‍ക്കുനേരെ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൊലകളെയും കുടിയിറക്കപ്പെട്ട ഫലസ്തീനികളുടെ കഷ്ടപ്പാടുകളെയും മുറിവേറ്റവരുടെ പ്രയാസങ്ങളേയും കുറിച്ച്‌ ലോകത്തെ അറിയിക്കുകയായിരുന്നു ഇസ്മായില്‍’- എന്ന് അല്‍ ജസീറയുടെ ഗസ്സയിലെ മറ്റൊരു ജേണലിസ്റ്റായ അനസ് അല്‍ ഷെരീഫ് പറഞ്ഞു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതാദ്യമായല്ല, അല്‍ ജസീറ ജേണലിസ്റ്റുകള്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ജനുവരിയില്‍ ഗസ്സയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ ജസീറ ഗസ്സ ബ്യൂറോ ചീഫ് വാഇല്‍ ദഹ്ദൂഹിന്റെ മകൻ ഉള്‍പ്പെടെ രണ്ട് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. മകൻ ഹംസ അല്‍ദഹ്‌ദൂഹും സഹപ്രവർത്തകനായ എ.എഫ്‌.പിയുടെ വീഡിയോ സ്‌ട്രിങ്ങർ മുസ്തഫ തുറയയും ആണ് കൊല്ലപ്പെട്ടത്. ഖാൻ യൂനിസിനും റഫയ്‌ക്കും ഇടയിലുള്ള ഒരു ജനവാസ മേഖലയിലായിരുന്നു ആക്രമണം. അല്‍ ജസീറയില്‍ പ്രൊഡ്യൂസറായും വീഡിയോഗ്രാഫറായും ഹംസ പ്രവർത്തിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമില്‍ ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്‌സാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. 

അതിനു മുമ്ബ്, 2023 ഡിസംബറില്‍ ഖാന്‍ യൂനിസില്‍ അല്‍ ജസീറ ക്യാമറാമാന്‍ സമീര്‍ അബുദാഖയെ ഇസ്രായേല്‍ സൈന്യം വധിച്ചിരുന്നു. ആക്രമണത്തില്‍ വാഇല്‍ ദഹ്ദൂഹിന് പരിക്കേറ്റിരുന്നു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സ്‌കൂളിന് നേരെയുണ്ടായ ബോംബാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു ഇരുവരും. ആക്രമണത്തിന് ശേഷം മണിക്കൂറുകളോളം അബുദാഖ രക്തം വാര്‍ന്നുകിടന്നു. പരിക്കേറ്റു കിടന്ന ക്യാമറാമാനെ ശുശ്രൂഷിക്കുന്നതില്‍ നിന്നും മെഡിക്കല്‍ സംഘത്തെ ഇസ്രായേല്‍ സൈന്യം തടഞ്ഞതായും ആരോപണമുയർന്നിരുന്നു. 

കമ്മിറ്റി ടു പ്രൊട്ടക്‌ട് ജേണലിസ്റ്റ്സിന്റെ കണക്കുകള്‍ പ്രകാരം, ഒക്ടോബർ ഏഴിന് ശേഷം ആരംഭിച്ച ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ 111 മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. വ്യോമാക്രമണം, ആശയവിനിമയം തടസപ്പെടുത്തല്‍, വൈദ്യുതി ക്ഷാമം, വൈദ്യുതി മുടക്കം എന്നിവയുള്‍പ്പെടെ നിരവധി പ്രതിസന്ധികളും അപകടസാധ്യതകളുമാണ് ഗസ്സയില്‍ ഇസ്രായേലി ആക്രമണം റിപ്പോർട്ട് ചെയ്യാൻ ശ്രമിക്കുമ്ബോള്‍ മാധ്യമപ്രവർത്തകർ അഭിമുഖീകരിക്കുന്നതെന്ന് കമ്മിറ്റി പറയുന്നു. 

‘ഗസ്സയില്‍ യുദ്ധം ആരംഭിച്ചതു മുതല്‍, മാധ്യമപ്രവർത്തകർ അവരുടെ റിപ്പോർട്ടിങ്ങിനായി വലിയ വിലയാണ് നല്‍കുന്നത്. സുരക്ഷ, ആവശ്യമായ ഉപകരണങ്ങള്‍, അന്താരാഷ്‌ട്ര ശ്രദ്ധ, ആശയവിനിമയ മാർഗങ്ങള്‍, ഭക്ഷണം, വെള്ളം ഇവയൊന്നുമില്ലാതെ അവർ ഇപ്പോഴും ലോകത്തോട് സത്യം പറയാനായി ജീവൻ പണയംവച്ചും ജോലി ചെയ്യുകയാണ്. ഓരോ തവണയും ഒരു പത്രപ്രവർത്തകൻ കൊല്ലപ്പെടുമ്ബോഴോ പരിക്കേല്‍ക്കുമ്ബോഴോ അറസ്റ്റ് ചെയ്യപ്പെടുമ്ബോഴോ പുറത്തുപോകാൻ നിർബന്ധിതനാകുമ്ബോഴോ നമുക്ക് സത്യത്തിൻ്റെ ശകലങ്ങള്‍ നഷ്ടപ്പെടും. ഈ കെടുതികള്‍ക്ക് കാരണക്കാരായവർ രണ്ട് തരം വിചാരണ നേരിടണം: ഒന്ന് അന്താരാഷ്‌ട്ര നിയമത്തിന് കീഴിലും മറ്റൊന്ന് ഒരിക്കലും പൊറുക്കാത്ത ചരിത്രത്തിൻ്റെ നോട്ടത്തിന് മുന്നിലും’- സി.പി.ജെ പ്രോഗ്രാം ഡയറക്ടർ കാർലോസ് മാർട്ടിനെസ് ഡി ലാ സെർന പറഞ്ഞു. 

ഗസ്സയില്‍ 111 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതുകൂടാതെ, 32 പേർക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരെ കാണാതാവുകയും 52 പേർ അറസ്റ്റിലാവുകയും ചെയ്തു. ഇതു കൂടാതെ നിരവധി മാധ്യമപ്രവർത്തകർ ആക്രമണം, ഭീഷണി, സൈബർ ആക്രമണം, കുടുംബാംഗങ്ങളുടെ മരണം എന്നിവയ്ക്ക് ഇരകളായിട്ടുണ്ടെന്നും സി.പി.ജെയുടെ കണക്കുകള്‍ വിശദീകരിക്കുന്നു. അത്തരത്തില്‍ കുടുംബത്തെ നഷ്ടപ്പെട്ടവരില്‍ ഒരാളാണ് വാഇല്‍ ദഹ്ദൂഹ്. 

കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ വാഇല്‍ ദഹ്ദൂഹിന്റെ ഭാര്യയടക്കം കൊല്ലപ്പെട്ടിരുന്നു. ഭാര്യ ഉമ്മു ഹംസ, 15കാരനായ മകൻ മഹ്മൂദ്, ഏഴു വയസുള്ള മകള്‍ ഷാം, പേരമകൻ ആദം എന്നിവരാണ് കൊല്ലപ്പെട്ടത്. അന്ന് ഗസ്സയിലെ നുസൈറാത്ത് അഭയാർഥി ക്യാംപിലായിരുന്നു ഇസ്രായേല്‍ ആക്രമണം. പ്രദേശത്തിന്റെ വടക്കന്‍ പകുതിയിലുള്ളവരോട് ഉടന്‍ തന്നെ അവിടെനിന്നും മാറണം എന്ന മുന്നറിയിപ്പ് ലഭിച്ചതിനാലാണ് ഇവര്‍ മധ്യ ഗസ്സയിലെ നുസൈറത്ത് ക്യാമ്ബിലേക്ക് പലായനം ചെയ്തത്. എന്നാല്‍ അവിടെയും ഇസ്രായേല്‍ ബോംബിടുകയായിരുന്നു. ഗസ്സയില്‍ പത്ത് മാസത്തിലേക്ക് അടുക്കുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ 39,445 പേരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ ബഹുഭൂരിപക്ഷവും കുട്ടികളും സ്ത്രീകളുമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.