ഗാസയിൽ ഒത്തു തീർപ്പിന് ഖത്തറും ഇല്ല ! ചർച്ചയിൽ നിന്ന് പിന്മാറി രാജ്യവും : യുദ്ധം വീണ്ടും രൂക്ഷമാകും എന്ന് റിപ്പോർട്ട്

ദുബായ്: ഗാസ വെടിനിർത്തല്‍ ചർച്ചയുടെ മദ്ധ്യസ്ഥതയില്‍ നിന്ന് പിന്മാറിയതായി ഖത്തർ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ചർച്ചകള്‍ തുടരാൻ ഇരുവിഭാഗവും സന്നദ്ധരാകുമ്ബോള്‍ മാത്രം മദ്ധ്യസ്ഥശ്രമം തുടരുമെന്നാണ് വിശദീകരണം. പിന്മാറുന്നകാര്യം ഇസ്രയേലിനെയും ഹമാസിനെയും അമേരിക്കയെയും ഖത്തർ അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ മജീദ് ബിൻ മുഹമ്മദ് അല്‍ അൻസാരി പറഞ്ഞു. . പലവട്ടം ചർച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഖത്തറിന്റെ കടുത്ത തീരുമാനം.ഇസ്രയേലും ഹമാസും ആത്മാർത്ഥമായല്ല ചർച്ചയില്‍ പങ്കെടുക്കുന്നതെന്ന് ആരോപിച്ചുള്ള ഖത്തറിന്റെ പിന്മാറ്റം സമാധാന നീക്കം കൂടുതല്‍ പ്രതിസന്ധിയിലാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകള്‍. ആത്മാർത്ഥതയോടെ ചർച്ചയില്‍ പങ്കെടുക്കാൻ ഇരുപക്ഷവും തയാറാകാത്തിടത്തോളം കാലം മദ്ധ്യസ്ഥ ചർച്ചക്ക് അർത്ഥമില്ലെന്നും അതിനാല്‍ തുടരാനാവില്ലെന്നും ഖത്തർ ഇന്നലെ അറിയിച്ചിരുന്നു.ബന്ദിമോചനത്തിനും വെടിനിർത്തലിനുമായി അമേരിക്ക, ഈജിപ്ത് എന്നിവർക്കൊപ്പം ഖത്തറും മാസങ്ങളായി മദ്ധ്യസ്ഥ ചർച്ച നടത്തിവരികയാണ്. എന്നാല്‍, ഇതുവരെ കാര്യമായ ഒരു പുരോഗതിയും ചർച്ചയില്‍ ഉണ്ടായില്ല. അമേരിക്കൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമാധാന നീക്കത്തിനുള്ള പുതിയ ഉപാധികള്‍ കണ്ടെത്താൻ അമേരിക്കയും ഖത്തറും കഴിഞ്ഞ മാസം ചർച്ചകള്‍ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ ഈ നീക്കത്തിനും ഫലം കണ്ടില്ല. ഇതെല്ലാമാണ് ഖത്തറിന്റെ പിന്മാറ്റത്തിന് കാരണമെന്നാണ് റിപ്പോർട്ട്.അതേസമയം, ദോഹയിലെ ഹമാസിന്റെ രാഷ്ട്രീയകാര്യ ഓഫീസ് അടച്ചുപൂട്ടാൻ അമേരിക്ക ആവശ്യപ്പെട്ടെന്ന റിപ്പോർട്ട് ഖത്തർ വിദേശകാര്യ മന്ത്രാലയം തള്ളി. അമേരിക്കയുടെ സമ്മർദത്തെ തുടർന്നല്ല ഓഫീസ് പൂട്ടാൻ നിർദേശിച്ചതെന്നാണ് ഖത്തർ പറയുന്നത്. നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഹമാസും അറിയിച്ചു. 2012 മുതല്‍ ഹമാസ് നേതാക്കള്‍ക്ക് ഖത്തർ രാഷ്ട്രീയ അഭയം നല്‍കി വരുന്നുണ്ട്. തങ്ങള്‍ മുന്നോട്ടുവച്ച വെടിനിർത്തല്‍ പദ്ധതിയും ബന്ദി മോചനവും ഹമാസ് തള്ളിയ സാഹചര്യത്തില്‍ ദോഹയില്‍ പലസ്തീൻ സംഘടനയുടെ സാന്നിദ്ധ്യം സ്വീകാര്യമല്ലെന്ന് ഖത്തറിനെ അമേരിക്ക അറിയിച്ചതെന്നായിരുന്നു റിപ്പോർട്ടുകള്‍. അമേരിക്കയുടെ സഖ്യകക്ഷിയാണ് ഖത്തർ.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.