ഗാസയിലെ ഏക കത്തോലിക്കാ ദേവാലയത്തിനു നേരെ ഇസ്രയേൽ ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു; പള്ളി വികാരി അടക്കം പത്തിലേറെ പേർക്ക് പരിക്ക്; ക്ഷമാപണവുമായി ഇസ്രയേൽ

ഗാസ: ഗാസയിലെ കത്തോലിക്കാ ദേവാലയത്തിന് നേരെ ഇസ്രയേൽ ആക്രമണം. മൂന്ന് പേർ കൊല്ലപ്പെട്ടു. പള്ളി വികാരി അടക്കം പത്തിലേറെ പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. വിടവാങ്ങിയ ഫ്രാൻസീസ് മാർപ്പാപ്പ നിരന്തര സമ്പർക്കം പുലർത്തിയിരുന്ന വൈദികനാണ് ഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റത്. ഗാസയിലെ ഹോളി ഫാമിലി ദേവാലയത്തിന് നേരെയാണ് ഇസ്രയേൽ ആക്രമണം ഉണ്ടായത്. സംഭവത്തിന് പിന്നാലെ വ്യാപക വിമ‍ർശനം ഉയർന്നതോടെ ഇസ്രയേൽ ഖേദപ്രകടനം നടത്തി. 

Advertisements

വ്യാഴാഴ്ച രാവിലെയുണ്ടായ ആക്രമണത്തിൽ ആഴത്തിൽ ഖേദിക്കുന്നതായും നിഷ്കളങ്കമായ ഓരോ മരണവും ദുരന്തമാണെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് കത്തോലിക്കാ ദേവാലയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഇസ്രയേൽ വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആക്രമണത്തിൽ ലിയോ പതിനാലാമൻ മാർപ്പാപ്പ ഖേദം വ്യക്തമാക്കി. മാർപ്പാപ്പയുടെ ആശ്വാസ വാക്കുകളോട് നെതന്യാഹുവിന്റെ ഓഫീസ് നന്ദി പ്രകടിപ്പിച്ചു. കത്തോലിക്കാ ദേവാലയത്തിന് നേരെയുണ്ടായ ആക്രമണം തെറ്റായി പോയിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി അമേരിക്കയുടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോടും വിശദമാക്കി. ആക്രമണത്തോട് അനുകൂലമായല്ല ട്രംപിന്റെ പ്രതികരണമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വിശദമാക്കിയത്. ഇസ്രയേൽ സൈന്യവും ആക്രമണം അബദ്ധത്തിലുണ്ടായെന്നാണ് വിശദമാക്കുന്നത്. ഷെല്ലിന്റെ ഒരു ഭാഗം ചിതറി വീണുവെന്നാണ് ഇസ്രയേൽ സൈന്യം വിശദമാക്കുന്നത്.

പള്ളിയിലെ ശുചീകരണ തൊഴിലാളിയായ 60 വയസുകാരൻ സാദ് സലാമേ, ദേവാലയ പരിസരത്ത് ആക്രമണ സമയത്തുണ്ടായിരുന്ന 84കാരി ഫുമയ്യാ അയ്യാദ്, ഇവർക്കൊപ്പമുണ്ടായിരുന്ന 69 വയസ് പ്രായമുള്ള നജ്വ അബു ദാവൂദ് എന്നിവരാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പള്ളി വികാരി ഗബ്രിയേൽ റോമെനല്ലിക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. 

കഴിഞ്ഞ മുപ്പത് വ‍ർഷത്തോളമായി ഗാസയിൽ സേവനം ചെയ്യുകയാണ് അർജന്റീന സ്വദേശിയായ ഗബ്രിയേൽ റോമെനല്ലി. ആക്രമണത്തിൽ ദേവാലയത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 2023ൽ ഒരു തവണയാണ് ഇതിന് മുൻപ് ദേവാലയത്തിന് നേരെ ഇസ്രയേൽ ആക്രമണം ഉണ്ടായത്. അന്ന് രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടിരുന്നു. ലത്തീൻ കത്തോലിക്കാ രീതിയിലുള്ള ആരാധന ക്രമമാണ് ഇവിടെ പിന്തുടരുന്നത്. 

Hot Topics

Related Articles