കോഴിക്കോട്: സര്‍ക്കാരിലേക്ക് കണ്ടുകെട്ടേണ്ട മിച്ച ഭൂമി മുൻ എംഎല്‍എ മറിച്ച് വിറ്റതായി ലാൻഡ് ബോര്‍ഡ് റിപ്പോര്‍ട്ട്. മുൻ തിരുവമ്പാടി എംഎല്‍എയും സിപിഎം നേതാവുമായിരുന്ന ജോര്‍ജ് എം തോമസിന് എതിരെയാണ് റിപ്പോര്‍ട്ട്. ജോര്‍ജിനെ സമീപകാലത്ത് സിപിഎം പുറത്താക്കിയിരുന്നു. പിതാവിൻ്റെ മിച്ചഭൂമി തിരിച്ച് പിടിക്കാൻ ലാൻഡ് ബോര്‍ഡ് നടപടി തുടങ്ങിയതോടെ 2001ല്‍ അഗസ്റ്റിൻ എന്നയാള്‍ക്ക് ഭൂമി കൈമാറി. പിന്നീട് 2022 ല്‍ ഇതേ ഭൂമി ഭാര്യയുടെ പേരില്‍ ജോര്‍ജ് എം തോമസ് തിരിച്ച് വാങ്ങുകയും അവിടെ പുതിയ വീട് നിര്‍മിക്കുകയും ചെയ്തു.
കോടതിയെ കബളിപ്പിക്കാനുള്ള നീക്കമാണ് ജോര്‍ജ് നടത്തിയതെന്ന് കേസിലെ പരാതിക്കാരനായ സൈദലവി പറയുന്നു. ജോര്‍ജ് എം തോമസിന്റെ ഭൂമി തട്ടിപ്പിനെ കുറിച്ച് 2018ലും വാർത്ത വന്നിരുന്നു. എന്നാൽ അന്ന് ജോര്‍ജ് ആരോപണം നിഷേധിക്കുകയായിരുന്നു. 16 ഏക്കറില്‍ ഏറെ മിച്ച ഭൂമി ജോര്‍ജ് കൈവശം വെച്ച് എന്നായിരുന്നു പരാതി. കേസില്‍ രാശ്ടീയ സ്വാധീനം കാരണം നടപടി നീണ്ടു പോയതായും ആക്ഷേപമുണ്ട്. തട്ടിപ്പിന് ഉദ്യോഗസ്ഥര്‍ കൂട്ട് നിന്നു എന്ന് കാണിച്ച് പരാതിക്കാരൻ ലാൻഡ് ബോര്‍ഡിന് കത്ത് നല്‍കിയിട്ടുണ്ട്. പാര്‍ട്ടി നിലപാടിന് ചേരാത്ത നടപടികളുടെ പേരില്‍ ജോര്‍ജിനെ 2023 ല്‍ സിപിഎം പാര്‍ട്ടിയില്‍ നിന്നും വിവിധ സ്ഥാനങ്ങളില്‍ നിന്നും നീക്കിയിരുന്നു.