കോട്ടയം: തായ്‌ലന്റിലെ നാഖോം പതോമില് വച്ച് 2025 ജൂലൈ 12 മുതൽ 19 വരെ നടന്ന അണ്ടർ 16 ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ, ആതിഥേയരായ തായ് ലൻഡ്,ഓസ്‌ട്രേലിയ, ചൈന, ഉസ്ബക്കിസ്ഥാൻ ടീമുകളെ ലീഗ് റൗണ്ടിലും മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള അത്യന്തം വാശിയേറിയ പോരാട്ടത്തിൽ ലോക വോളിയിൽ തന്നെ അതികായരായ ജപ്പാനെ പരാജയപ്പെടുത്തി വെങ്കല മെഡൽ നേടുകയും, ചരിത്രത്തിൽ ആദ്യമായി അണ്ടർ 17 ലോക വോളിബോൾ ചാമ്പ്യൻ ഷിപ്പിന് യോഗ്യത നേടുകയും ചെയ്ത് രാജ്യത്തിന് അഭിമാനമായി മാറിയ ഇന്ത്യൻ ടീമിലെ ഏക മലയാളി സാന്നിധ്യമായ എഡ്വിൻ പോൾ സിബി കോട്ടയം ഗിരിരിദീപം ബഥനി ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
ഉസ്ബക്കിസ്ഥാനിലെ താഷ്‌കണ്ടിൽ വച്ച് ജൂൺ 10 മുതൽ 16 വരെ നടന്ന അണ്ടർ 19 സെൻട്രൽ ഏഷ്യ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കിർഗിസ്ഥാനെ പരാജയപ്പെടുത്തി വെങ്കലമെഡൽ നേടി ചരിത്ര നേട്ടം കുറിച്ച് രാജ്യത്തിന് അഭിമാനമായി മാറിയ ഇന്ത്യൻ ടീമിലെ ഏക മലയാളി സാന്നിധ്യമായ ആദി കൃഷ്ണ കോട്ടയം ഗിരിദീപം ബഥനി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മെഡലുകൾ നേടിയ ഇന്ത്യൻ ടീം അംഗങ്ങളായ ഗിരിദീപം ബഥനി ഹയർസെക്കൻഡറി സ്‌കൂളിലെ അഭിമാന താരങ്ങൾക്ക് കോട്ടയത്ത് നൽകുന്ന പൗരസ്വികരണത്തിന്റെ ഭാഗമായിയുള്ള റോഡ് ഷോയുടെ ഉദ്ഘാടനം ജൂലൈ 29 ചെവ്വാഴ്ച രാവിലെ 9.45 നു തിരുനക്കര ഗാന്ധി സ്‌ക്വയറിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നർക്കോട്ടിക് സെൽ ഡിവൈഎസ്പി എ.ജെ തോമസ് പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്യും.
തുടർന്ന് ഗിരിദീപം കോളേജ് വിദ്യാർത്ഥികളുടെ ബൈക്ക് അകമ്പടിയോടുകൂടി തുറന്ന വാഹനത്തിൽ കോട്ടയം ടൗണിലൂടെ കടന്നു പോകുന്ന താരങ്ങൾക്ക് ഈസ്റ്റ് പോലീസ് സ്റ്റേഷന് സമീപത്തു വച്ച് സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസ് യു.ശ്രീജിത്തും, കളത്തിപ്പടിയിൽ വിജയപുരം പഞ്ചായത്തു പ്രസിഡന്റ് സോമൻകുട്ടി വി ടി യും, അംഗങ്ങളും, പൗരാവലിയും നൽകുന്ന സ്വീകരണത്തിന് ശേഷം സ്‌കൂൾ കായിക താരങ്ങളുടെയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടുകൂടി ഗിരിദീപം ബഥനി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന പ്രൗഢഗംഭീരമായ സമ്മേളനത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും.
ദേവസ്വം, തുറമുഖ, സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ മുഖ്യാതിഥിയായും പങ്കെടുക്കുന്ന ചടങ്ങിൽ പെരിയ ബഹുമാനപ്പെട്ട റവ. ഡോ. ഗീവർഗീസ് കുറ്റിയിൽ ഒ.ഐ.സി. അനുഗ്രഹ പ്രഭാഷണവും ഗിരിദീപം സ്ഥാപനങ്ങളുടെ ഡയറക്ടർ റവ. ഫാ. മാത്യു എബ്രഹാം മോഡിയിൽ ഒ.ഐ.സി. അദ്ധ്യക്ഷത വഹിക്കുന്നതും ചെയ്യും. ഗിരിദീപം ബഥനി സെൻട്രൽ സ്‌കൂൾ പ്രിൻസിപ്പൽ റവ ഫാ. സത്യൻ തോമസ് ഒ.ഐ.സി. സ്വാഗതം പറയുകയും, ജില്ലാ സ്‌പോർഴ്‌സ് കൌൺസിൽ പ്രസിഡന്റ് ഡോ. ബൈജു വി. ഗുരുക്കൾ, ലാലു ജോൺ പരിശീലകൻ എന്നിവർ ആശംസകൾ അർപ്പിക്കുന്നതും, ഗിരിദീപം ബഥനി ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ റവ ഫാ. സൈജു കുരിയൻ ഒ ഐ സി നന്ദി പറയുകയും ചെയ്യും.
കേരളത്തിലെ അൺഎയ്‌നുഡ് സ്‌കൂളുകളിൽ സംസ്ഥാന സർക്കാരിൻറെ കീഴിൽ പ്രവർത്തിക്കുന്ന എക സ്‌പോർട് കൗൺസിൽ വോളിബോൾ അക്കാദമിയാണ് ഗിരിദീപത്തിൽ ഉള്ളതെന്നും സംസ്ഥാന സ്‌പോർട്ട് കൗൺസിൽ പരിശീലകനായ ലാലു ജോണിന്റെ കീഴിലുള്ള മികവാർന്ന പരിശീലനമാണ് ഈ താരങ്ങളെ ഉന്നതങ്ങളിൽ എത്തിക്കാൻ സാധിച്ചതെന്ന് പത്രസമ്മേളനത്തിൽ ഗിരിദീപം ബഥനി ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ റവ ഫാ സൈജു കുര്യൻ ഒ ഐ സി പത്രസമ്മേളനത്തിൽ വിവരിക്കുകയും ബ്ര. ജോഷിൻ ജോയ് ഒ ഐ സി. വോളീബോൾ പരിശീലകൻ ലാലു ജോൺ, ബാസ്‌കറ്റ്ബാൾ പരിശീലകൻ ബിജു ടി തേമാൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.