ബാഗ്ദാദ്: പെൺകുട്ടികളുടെ വിവാഹ പ്രായം ഒമ്പതാക്കി കുറയ്ക്കുന്ന വിവാദ ഭേദഗതിക്ക് ഇറാഖ് പാർലമെന്റിന്റെ അംഗീകാരം. ശൈശവ വിവാഹം നിയമാനുസൃതമാക്കുന്നുവെന്ന പേരിൽ ഏറെ പഴികേട്ട ഭേദഗതിക്കാണ് അംഗീകാരമായിട്ടുള്ളത്. കുടുംബപരമായ കാര്യങ്ങളിൽ ഇസ്ലാമിക കോടതിക്ക് കൂടുതൽ അംഗീകാരം നൽകുന്നതാണ് ഭേദഗതി. വിവാഹം, വിവാഹ മോചനം, അനന്തരാവകാശം എന്നിവയിൽ ഇസ്ലാമിക കോടതികൾക്ക് കൂടുതൽ അധികാരം ഈ ഭേദഗതിയോടെ പ്രാവർത്തികമാകും.
സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന 1959 കുടുംബ നിയമത്തെ അട്ടിമറിക്കുന്നതാണെന്നാണ് ആഗോളതലത്തിൽ അവകാശപ്രവർത്തകർ ഭേദഗതിക്കെതിരെ ഉയർത്തുന്ന വിമർശനം. നിലവിൽ 18ആണ് ഇറാഖിൽ വിവാഹപ്രായം. ചൊവ്വാഴ്ച പാർലമെന്റ് അംഗീകാരം നൽകിയ ഭേദഗതി ഇസ്ലാം പുരോഹിതർക്ക് തീരുമാനങ്ങളെടുക്കാൻ കൂടുതൽ അധികാരം നൽകുന്നുണ്ട്. ഇറാഖിലെ ജാഫറി സ്കൂൾ ഓഫ് ഇസ്ലാമിക നിയമം അനുസരിക്കുന്ന ഷിയ വിഭാഗത്തിന് വിവാഹ പ്രായത്തിന് പെൺകുട്ടിയുടെ പ്രായം 9 വയസാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ വർഷം പകുതിയോടെയാണ് വിവാഹ പ്രായം കുറയ്‌ക്കുന്നതുമായി ബന്ധപ്പെട്ട ബിൽ കൊണ്ടുവന്നത്. പിന്നാലെ എതിർപ്പുകളെ തുടർന്ന് ഇത് പിൻവലിച്ചു. എന്നാൽ ഷിയാ വിഭാഗം ഇതിനെ പിന്തുണച്ചതോടെ ഓഗസ്റ്റിൽ ബിൽ വീണ്ടും പാർലമെന്റി എത്തുകയായിരുന്നു. കുട്ടികളിൽ പാശ്ചാത്യ സംസ്കാരം ഇല്ലാതാക്കാനും ഇസ്ലാമിക രീതികൾ ശക്തമാക്കാനും ആണ് ബില്ലെന്നാണ് ഷിയാ വിഭാഗം വാദിക്കുന്നത്. കൂടാതെ ഭേദഗതി രാജ്യത്ത് ശരിയത്ത് നിയമത്തെ കൂടുതൽ ഊട്ടിയുറപ്പിക്കുമെന്നും പെൺകുട്ടികൾ വഴിതെറ്റി പോകാതെ രക്ഷിക്കും എന്നുമാണ് ഇവരുടെ മറ്റൊരു വാദം.
സുന്നി തടവുകാർക്ക് പ്രയോജനകരമാവുന്ന പൊതുമാപ്പും കുർദിഷ് ടെറിട്ടോറിയൽ ക്ലെയിമുകൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഭൂമി വീണ്ടെടുക്കൽ നിയമവും പാർലമെന്റ് അംഗീകരിച്ചിട്ടുണ്ട്. പാർലമെന്റിൽ അവതരിപ്പിച്ച ഭേദഗതിയ്ക്ക് സന്നിഹിതരായിരുന്ന പകുതിയിലേറെ പേർ അനുകൂലിച്ച് വോട്ട് ചെയ്തില്ലെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് വിശദമാക്കുന്നത്.
കുട്ടികൾ എന്ന നിലയിൽ ജീവിക്കാനുള്ള അവരുടെ അവകാശം ലംഘിക്കുന്നതാണ് ഭേദഗതിയെന്നും സ്ത്രീകൾക്ക് വിവാഹമോചനം, സംരക്ഷണം, അനന്തരാവകാശം എന്നിവയ്ക്കുള്ള സംരക്ഷണ സംവിധാനങ്ങളെ തകർക്കുമെന്നും മനുഷ്യാവകാശ പ്രവർത്തകയും ഇറാഖി വിമൻസ് ലീഗ് അംഗവുമായ ഇൻതിസാർ അൽ മയാലി പ്രതികരിക്കുന്നത്.