കരിപ്പൂർ: ഗൾഫിൽ നിന്ന് നാട്ടിലെത്തിയ യുവാവിന് തിരിച്ച് പോകാൻ താത്പര്യമില്ലാത്തതിനെ തുടർന്ന് യാത്ര മുടക്കാൻ ചെയ്തത് വിചിത്രമായ കാര്യം. പുറപ്പെടേണ്ട വിമാനത്തിന് വ്യാജ ബോംബ് ഭീഷണിയുയർത്തിയ കേസിൽ പാലക്കാട് സ്വദേശി അറസ്റ്റിലാകുകയും ചെയ്തു. അനങ്ങനടി സ്വദേശി മുഹമ്മദ് ഇജാസ് ആണ് കരിപ്പൂർ പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട വിമാനത്തിനാണ് ഇയാൾ വ്യാജ ബോംബ് ഭീഷണി ഉയർത്തിയത്.
എയർ അറേബ്യയുടെ വിമാനത്തിലാണ് ഇയാൾക്ക് തിരിച്ച് പോകേണ്ടിയിരുന്നത്. കോഴിക്കോട് വിമാനത്താവളം ഡയറക്ടർക്കാണ് പ്രതി വ്യാജ സന്ദേശം അയച്ചത്. വിമാനത്തിനുള്ളിലെ ഒരു യാത്രക്കാരൻ മനുഷ്യബോംബാണെന്നും ഇയാളുമായി പുറപ്പെട്ടാൽ ആകാശത്ത് വെച്ച് വിമാനം പൊട്ടിത്തെറിക്കുമെന്നുമായിരുന്നു ഇജാസ് വിമാനത്താവള ഡയറക്ടറോട് വിളിച്ച് പറഞ്ഞത്. നിരപരാധിയായ നിരവധി യാത്രക്കാരും ഇയാൾക്കൊപ്പം മരിക്കുമെന്നും അതുകൊണ്ട് തന്നെ വിമാനം റദ്ദാക്കണമെന്നുമായിരുന്നു ഇജാസിന്റെ സന്ദേശം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏറെക്കാലമായി ദുബായിൽ ജോലിചെയ്തിരുന്ന ആളാണ് മുഹമ്മദ് ഇജാസ്. അവിടെനിന്ന് പലരോടായി വലിയ തുക കടം വാങ്ങിയിരുന്നു. തുടർന്ന്, ഉടനെ തിരിച്ചുവരുമെന്ന് പറഞ്ഞ് നാട്ടിലേക്ക് വരികയായിരുന്നു. എന്നാൽ, തിരിച്ചുപോകാത്തതിനെത്തുടർന്ന് കടം നൽകിയവർ ഇജാസിനെ തിരിച്ചെത്തിക്കാൻ വിമാനടിക്കറ്റടക്കം എടുത്തുനൽകി. സന്ദേശമയച്ച അതേ ദിവസമായിരുന്നു ഇയാൾ തിരിച്ചുപോകേണ്ടിയിരുന്നത്. മടങ്ങിപ്പോകാൻ താൽപര്യമില്ലാതിരുന്ന ഇയാൾ, ഈ യാത്ര മുടക്കാൻ വേണ്ടിയാണ് വ്യാജസന്ദേശമയച്ചതെന്നാണ് പൊലീസ് പറയുന്നത്.