അഹമ്മദാബാദിലെ വിമാനാപകടം: ഒമ്പത് ബോയിങ് ഡ്രീം ലൈനര്‍ വിമാനങ്ങളിലെ പരിശോധന പൂര്‍ത്തിയായി; 24 വിമാനങ്ങള്‍ കൂടി ഡിജിസിഎ പരിശോധിക്കും; വിമാന യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി എയര്‍ ഇന്ത്യ

ദില്ലി: അഹമ്മദാബാദിലെ വിമാനാപകടത്തിന്‍റെ പശ്ചാത്തലത്തിൽ ഒമ്പത് ബോയിങ് ഡ്രീം ലൈനര്‍ വിമാനങ്ങളിലെ പരിശോധന പൂര്‍ത്തിയായതായി എയര്‍ ഇന്ത്യ അറിയിച്ചു. 24 വിമാനങ്ങള്‍ കൂടി ഡിജിസിഎ പരിശോധിക്കും. ഈ വിമാനങ്ങളുടെ പരിശോധനയുടെ സമയം നീളാമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. 

Advertisements

ദീര്‍ഘദൂര സര്‍വീസുകളിൽ പരിശോധന നീളാനുള്ള സാഹചര്യത്തിൽ യാത്രക്കാര്‍ക്ക് ടിക്കറ്റ് റദ്ദാക്കുകയോ റീ ഷെഡ്യൂള്‍ ഓപ്ഷൻ തെരഞ്ഞെടുക്കുകയോ ചെയ്യാമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. 787 ബോയിങ് വിമാനങ്ങളിലും വിശദമായ പരിശോധന നടത്തുമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു അറിയിച്ചിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിൽ ഇതിൽ 34 എണ്ണമാണ് ഇന്ത്യയിൽ സര്‍വീസ് നടത്തുന്നത്. അതേസമയം, അഹമ്മദാബാദ് വിമാന അപകടം കേന്ദ്ര വ്യോമയാനമന്ത്രാലയം വിലയിരുത്തി. വ്യോമ സുരക്ഷ ഉറപ്പാക്കുന്നത് ചർച്ച ചെയ്യാൻ മന്ത്രി രാം മോഹൻ നായിഡുവിന്‍റെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം നടന്നു. അപകടം അന്വേഷിക്കാനും സുരക്ഷ കൂട്ടാനുള്ള നടപടികൾ നിർദ്ദേശിക്കാനും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ സമിതി രൂപീകരിച്ചതിനു പിന്നാലെയാണ് വിലയിരുത്തൽ യോഗം ചേർന്നത്.

രാജ്യത്തെ ഞെട്ടിച്ച അഹമ്മദാബാദ് വിമാന ദുരന്തത്തിന് ശേഷം വ്യോമ സുരക്ഷ കർശനമാക്കുന്നതിനുള്ള ആലോചനകളിലേക്കാണ് കേന്ദ്ര സർക്കാർ കടക്കുന്നത്. അടുത്ത അഞ്ചു കൊല്ലത്തിൽ 900 പുതിയ വിമാനങ്ങൾ വാങ്ങാനാണ് ഇന്ത്യയിലെ വിമാന കമ്പനികൾ കരാർ നല്കിയിരിക്കുന്നത്. കൂടുതൽ വിമാനത്താവളങ്ങളുടെ നിർമ്മാണവും നടക്കുകയാണ്. ഈ സാഹചര്യത്തിൽ വിമാനങ്ങളുടെ സുരക്ഷ പരിശോധന അടക്കമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കാനും കർശനമായി നടപ്പാക്കാനുമുള്ള വഴികളാണ് കേന്ദ്രം ആലോചിക്കുന്നത്.

അഹമ്മദാബാദിൽ നിന്ന് തിരിച്ചെത്തിയ മന്ത്രി രാംമോഹൻ നായിഡു അപകടം അന്വേഷിക്കാനുള്ള ഉത്തത സമിതിക്ക് രൂപം നല്കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍റെ അദ്ധ്യക്ഷതയിൽ പതിനൊന്നംഗ സമിതിയാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. വ്യോമയാന രംഗത്തെ വിദഗ്ധരെ ഉള്‍പ്പെടെ സമിതിയിൽ പിന്നീട് ഉൾപ്പെടുത്തും. വ്യോമയാന സെക്രട്ടറി, ഡിജിസിഎ, വ്യോമസേനയിലെ സുരക്ഷ ഡിജി, രഹസ്യാന്വേഷണ ബ്യൂറോ സ്പെഷ്യൽ ഡയറക്ടർ, ഗുജറാത്ത് സർക്കാരിലെ ഉദ്യോഗസ്ഥർ എന്നിവരും സമിതിയിലുണ്ട്. 

വിദേശത്തെ വിദഗ്ധർ കൂടി എത്തി അന്വേഷണവുമായി ഇപ്പോൾ സഹകരിക്കുന്നുണ്ട്. വിമാന ദുരന്തത്തിന്‍റെ യഥാർത്ഥ കാരണം കണ്ടെത്താനാണ് സമിതിക്ക് നല്കിയിരിക്കുന്ന ആദ്യ ചുമതല. ഒപ്പം ഭാവിയിൽ അപകടം ഒഴിവാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കും. സർക്കാർ നയത്തിൽ വരുത്തേണ്ട മാറ്റങ്ങളും സമിതി ആലോചിക്കും. എയർക്രാഫ്റ്റ് ആക്സി‍ഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണത്തിനുപുറമെ ആയിരിക്കും സർക്കാരിന്‍റെ സമിതിയും ഇക്കാര്യത്തിലെ നടപടികൾ സ്വീകരിക്കുക.

Hot Topics

Related Articles