മുംബയ് : നടിയും ബി.ജെ.പി നേതാവുമായ സൊനാലി ഫോഗട്ടിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സൊനാലിക്ക് മരണത്തിന് മുമ്ബ് റെസ്റ്രാറന്റിൽ നടന്ന പാർട്ടിയിൽ നൽകിയത് മെതാംഫെറ്റമിൻ എന്ന മാരകമയക്കുമരുന്ന്. ശനിയാഴ്ച വൈകിട്ട് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഗോവ പൊലീസ് ഇക്കാര്യം അറിയിച്ചത്. 12 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ഉണർവ് നൽകുന്ന ഈ ലഹരിമരുന്ന് ലൈംഗികാസക്തി ഉയർത്താൻ സ്ത്രീകൾ ഉപയോഗിക്കാറുണ്ട്. ഉദ്ധാരണ ശേഷി വർദ്ധിപ്പിക്കുന്നതിനും നിലനിറുത്തുന്നതിനും പുരുഷൻമാർ മെതാംഫെറ്റമിൻ ഉപയോഗിക്കുന്നു,?
ശരീര താപനിലയും രക്തസമ്മർദ്ദവും ഉയർത്തുന്ന മെതാംഫെറ്റമിന്റെ ഉപയോഗം ഹൃദയാഘാതം മുതൽ സ്‌ട്രോക്കിന് വരെ കാരണമാകാം. വടക്കൻ ഗോവയിലുള്ള കേർലീസ് റസ്റ്റോറന്റിൽ നടന്ന പാർട്ടിക്കിടെ സൊനാലിയെ ലഹരിമരുന്ന് നിർബന്ധിച്ച് കുടിപ്പിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നു. ലഹരി മരുന്ന് ഉപയോഗം സ്ഥിരമായി നടക്കുന്ന കേന്ദ്രമാണ് ഇവിടം എന്നാണ് പൊലീസ് പറയുന്നത്. ലഹരി മരുന്ന് കലർത്തിയ പാനീയം സൊനാലിയെ കൊണ്ട് കഴിപ്പിച്ചെന്ന് കസ്റ്റഡിയിലുള്ള പി എ സുധീർ സാംഗ്വാൻ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ലഹരി മരുന്ന് ഉപയോഗിച്ചതിന് പിന്നാലെ നടക്കാനാവാതെ ബുദ്ധിമുട്ടുന്ന സൊനാലിയുടെ ദൃശ്യങ്ങൾ റെസ്റ്റോറന്റിലെ സി.സി. ടിവിയിൽ നിന്നും കണ്ടെത്തിയിരുന്നു.