കൊച്ചി: മുന്‍ മന്ത്രി കെ ടി ജലീലിനെതിരെ 164 പ്രകാരം നല്കിയ മൊഴി ഉടന്‍ തന്നെ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. തനിക്കെതിരെ പോലിസ് എടുത്തിരിക്കുന്ന കേസ് ഗൂഡാലോചനയുടെ ഭാഗമായാണ്. ഷാജ് കിരണ്‍ എന്ന വ്യക്തിയെ തന്റെ അടുക്കേലേക്ക് അയച്ച് സെറ്റില്‍മെന്റ് ലെവലിലെത്തിക്കാന്‍ ഗൂഡാലോചന നടത്തിയതാരാണെന്നും സ്വപ്ന സുരേഷ് ചോദിച്ചു.
164 പ്രകാരം നല്കിയ മൊഴിയില്‍ കെ ടി ജലീലിനെക്കുറിച്ച് താന്‍ പറഞ്ഞിട്ടുണ്ട്. അല്ലാതെ താനൊരു ഗൂഡാലോചനയും നടത്തിയിട്ടില്ല.കോടതിയുടെ മുന്നില്‍ സത്യം വെളിപ്പെടുത്തുക മാത്രമാണ് താന്‍ ചെയ്തത്.കെ ടി ജലീലാണ് തനിക്കെതിരെ ഗൂഡാലോചന നടത്തിയത്.എന്നിട്ട് തനിക്കെതിരെ കേസ് കൊടുത്തിട്ട് എന്റെയടുക്കല്‍ പറഞ്ഞുവിട്ട വ്യക്തിയെ സാക്ഷിയാക്കിക്കൊണ്ട് അവരാണ് ഗുഡാലോചന നടത്തിയതെന്നും സ്വപ്ന സുരേഷ് പറഞ്ഞു.കെ ടി ജലീലിനെക്കുറിച്ച് 164 പ്രകാരം നല്കിയ മൊഴിയില്‍ പറഞ്ഞിരിക്കുന്നതെന്തൊക്കെയാണോ അത് ഉടനെ തന്നെ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്തൊക്കെ ജലീല്‍ ചെയ്തിട്ടുണ്ടോ അതെല്ലാം പറയും. ഒരു കാരണവുമില്ലാതെയാണ് ജലീല്‍ തനിക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. ഇനിയും അദ്ദേഹം തനിക്കെതിരെ എന്തൊക്കെ കേസ് കൊടുക്കുമെന്ന് നോക്കാമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.തനിക്ക് കേരള പോലിസിന്റെ സുരക്ഷ ആവശ്യമില്ല. എന്റെ സുരക്ഷയ്ക്കു വേണ്ടി ഞാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും കേരള പോലിസിന്റെ സുരക്ഷ ആവശ്യമില്ലെന്നും അവരെ ഉടന്‍ പിന്‍വലിക്കണമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.