കോഴിക്കോട്: തീർത്ഥയാത്ര ശുഭകരമായി അവസാനിക്കാനിരിക്കേയാണ് ആലുവ എടത്തല സ്വദേശി ശശികുമാറിന്റെ സ്വർണമാല നഷ്ടപ്പെട്ടത്.കൊട്ടിയൂർ സന്ദർശനം കഴിഞ്ഞ് ലോകനാർ കാവിലെത്തി ചിറയില്‍ കുളിക്കുന്നതിനിടയിലാണ് എട്ട് പവൻ തൂക്കമുള്ള സ്വർണമാല നഷ്ടപ്പെട്ടത്. ഇതോടെ സന്തോഷമെല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാകുകയായിരുന്നു.
വാർത്ത പരന്നതോടെ ഇത്രയും വിലപിടിപ്പുള്ള മാല എങ്ങനെയും കണ്ടെത്തണമെന്ന തീരുമാനത്തില്‍ നാട്ടുകാരെത്തി. എന്നാല്‍ മുങ്ങല്‍ വിദഗ്ധരും അഗ്നിരക്ഷാസേനയും ഏറെ ശ്രമിച്ചിട്ടും മാല കണ്ടെത്താനായില്ല. പിന്നീട് ചിറയിലെ വെള്ളം വറ്റിക്കാം എന്ന തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നു.പൂത്തൂരില്‍ നിന്ന് വലിയ മൂന്ന് മോട്ടോറുകള്‍ എത്തിച്ച് പിന്നീട് വെള്ളം വറ്റിച്ചു. വെള്ളവും പായലും ചളിയുമെല്ലാം സമീപത്തെ തോട്ടിലേക്ക് ഒഴുക്കിവിട്ടായിരുന്നു ഇതിനുള്ള ശ്രമം. ഒടുവില്‍ 30 മണിക്കൂറിലേറെ നീണ്ട ഉദ്യമത്തിനൊടുവില്‍ ലോകനാർകാവ് സ്വദേശി അനീഷിന് രാത്രി ഏഴുമണിയോടെ മാല ലഭിക്കുകയായിരുന്നു. അനീഷ് തന്നെ സ്വർണമാല ശശികുമാറിന് അണിയിച്ചു നല്‍കി.