കോട്ടയം : വിൽക്കാനെത്തിച്ച പഴയ സ്വർണം 916 അല്ലന്ന് വിശ്വസിപ്പിച്ച് സ്വർണ കടയുടമ വൻ തട്ടിപ്പ് നടത്തിയതായും , ചോദ്യം ചെയ്തപ്പോൾ കത്രികയ്ക്ക് കുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും കല്ലറ സ്വദേശിയ യുവതിയുടെ പരാതി. നഗരമധ്യത്തിൽ മുനിസിപ്പൽ ഷോപ്പിംങ് കോംപ്ലക്സിന്റെ മുകൾ നിലയിൽ പ്രവർത്തിക്കുന്ന ആന്റണീസ് ക്രൗൺ ഗോൾഡ് ഉടമ ആന്റണിക്കെതിരെയാണ് പരാതി ഉയർന്നത്. സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചതായും ചോദ്യം ചെയ്തപ്പോൾ ആക്രമിക്കാൻ വന്നതായും കാട്ടി യുവതി വെസ്റ്റ് പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ ദിവസമായിരുന്നു സംഭവങ്ങളുടെ തുടക്കം. ആന്റണിയുടെ ഉടമസ്ഥതയിലുള്ള ജുവലറിയിൽ പഴയ സ്വർണം വിൽക്കാൻ എത്തിയതായിരുന്നു യുവതി. 26. 730 ഗ്രാം സ്വർണമാണ് യുവതിയുടെ കയ്യിലുണ്ടായിരുന്നത്. സ്വർണ്ണം പരിശോധിച്ച ആൻറണി , ഇത് 916 അല്ലന്നും അത് കൊണ്ട് തന്നെ ഗ്രാമിന് 600 രൂപയുടെ കുറവുണ്ടാകും എന്നും അറിയിച്ചു. ഇത് അനുസരിച്ച് 1.36 ലക്ഷം രൂപയാണ് യുവതിയ്ക്ക് സ്വർണത്തിന്റെ വിലയായി നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വർണ്ണത്തിന്റെ പ്യൂരിറ്റി പരിശോധിച്ച് ബാക്കിയുള്ള തുക ഇന്ന് നൽകുമെന്നും ആന്റണി അറിയിച്ചതായി യുവതി പരാതിയിൽ പറയുന്നു. ഇത് വിശ്വസിച്ച് വീട്ടിലേയ്ക്ക് മടങ്ങിയ യുവതി , ഇന്ന് വീണ്ടും എത്തി. ഈ സമയം സഹോദരനും യുവതിയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. എന്നാൽ , സ്വർണത്തിന് പ്യൂരിറ്റി ഇല്ല എന്ന് അവകാശപ്പെട്ട ആന്റണി പണം നൽകിയില്ല എന്ന യുവതി പറയുന്നു. സ്വർണ്ണത്തിന്റെ പ്യൂരിറ്റി തെളിയിക്കുന്ന രേഖ ചോദിച്ചെങ്കിലും നൽകാൻ ആന്റണി തയ്യാറായില്ലന്നും പരാതിയിലുണ്ട്.
തുടർന്ന് , പണം ആവശ്യപ്പെട്ട് ബഹളം വെച്ചതോടെ ആന്റണി സ്വർണ്ണം മുറിക്കുന്ന കത്രികയെടുത്ത് യുവതിയുടെ സഹോദരനെ കുത്താൻ ശ്രമിച്ചതായി ഇരുവരും പറയുന്നു. സഹോദരനെ ആക്രമിക്കാൻ ശ്രമിച്ചതോടെ യുവതിയും സഹോദരനും ആന്റണിയുടെ കടയിൽ നിന്നും ഇറങ്ങിയോടി രക്ഷപെട്ടു. തുടർന്ന് ഇരുവരും വെസ്റ്റ് സ്റ്റേഷനിൽ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തിൽ ജുവലറി ഉടമ ആന്റണിയോട് ശനിയാഴ്ച രാവിലെ 10 മണിക്ക് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്.