തിരുവനന്തപുരം: വിമാനത്തിന്റെ ടോയ്ലെറ്റില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച മൂന്നു കിലോയോളം സ്വര്‍ണം ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗം (ഡി.ആര്‍.ഐ) പിടികൂടി.ഇന്നലെ രാവിലെ 10.30ന് ഷാര്‍ജയില്‍ നിന്നെത്തിയ ഇന്‍ഡിഗോ എയര്‍ലൈസിന്റെ 6ഇ 1426-ാം നമ്ബര്‍ വിമാനത്തിലെ ടോയ്ലെറ്റിലാണ് സ്വര്‍ണം മിശ്രിതരൂപത്തിലാക്കി കടത്താന്‍ ശ്രമിച്ചത്. യാത്രക്കാരന്‍ സ്വര്‍ണം കടത്തുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ഡി.ആര്‍.ഐ സംഘം വിമാനത്താവളത്തിലെത്തി ടെര്‍മിനിലിനുള്ളില്‍ പ്രവേശിച്ചു. റണ്‍വേയില്‍ ലാന്‍ഡിംഗ് നടത്തി വിമാനം എയറോബ്രിഡ്ജിലേക്ക് കണക്‌ട് ചെയ്ത് യാത്രക്കാര്‍ പുറത്ത് ഇറങ്ങുന്നതിന് മുമ്ബു ഉദ്യോഗസഥര്‍ വിമാനത്തിനുള്ളില്‍ കയറി യാത്രക്കാരെ നിരീക്ഷിച്ചു. എന്നാല്‍ സ്വര്‍ണം കണ്ടെത്താനായില്ല. പിന്നീട് യാത്രക്കാര്‍ പുറത്തിറങ്ങിയ ശേഷം വിമാനത്തിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് ടോയ്ലെറ്റിന്റെ അടിയില്‍ പ്രത്യേക തരത്തിലുണ്ടാക്കിയ അറയിലെ കവറിനുള്ളില്‍ ഒളിപ്പിച്ചിരുന്ന സ്വര്‍ണം കണ്ടത്തിയത്.
സ്വര്‍ണം വേര്‍തിരിച്ചെടുത്തപ്പോള്‍ 2458 ഗ്രാം തൂക്കമുണ്ടായിരുന്നു. പൊതുവിപണിയില്‍ രണ്ടുകോടിയോളം വിലവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഡി.ആര്‍ഐ കൂടുതല്‍ അന്വേഷണമാരംഭിച്ചു. ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കുന്ന ഇന്‍ഡിഗോ വിമാനം ക്ലീനിംഗ് കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ മുംബയിലേക്കാണ് പോകുന്നത്. യാത്രക്കാര്‍ ഇറങ്ങിയ ശേഷം വിമാനത്തില്‍ ക്ലീനിംഗിനെത്തുന്ന കരാര്‍ തൊഴിലാളികള്‍ വഴിയോ മുംബയിലേക്ക് പോകുന്ന യാത്രക്കാര്‍ വഴി മുംബയ് വിമാനത്താവളത്തിലൂടെയോ സ്വര്‍ണം പുറത്തെത്തിക്കാനുള്ള തന്ത്രമാണ് സ്വര്‍ണക്കടത്ത് മാഫിയ പരീക്ഷിച്ചത്. ഒരുമാസം മുമ്ബ് വിമാനത്തവളത്തിലെ ജീവനക്കാരുടെ ഒത്താശയോടെ പുറത്തേക്ക് കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കിലോയിലധികം സ്വര്‍ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സും ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജന്‍സ് വിഭാഗവും (ഡി.ആര്‍.ഐ) ചേര്‍ന്ന് പിടികൂടിയിരുന്നു.