ദില്ലി: ദില്ലി വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ ശശി തരൂരിൻ്റെ പിഎയെ ചോദ്യം ചെയ്യലിന് ശേഷം ജാമ്യത്തിൽ വിട്ടു. ആവശ്യമെങ്കിൽ ശിവകുമാറിനെ വീണ്ടും വിളിപ്പിക്കും. യുപി സ്വദേശിയാണ് സ്വർണ്ണം കൊണ്ടുവന്നത്.
35 ലക്ഷം രൂപ വരുന്ന സ്വർണ്ണമാലയാൺ് തരൂരിന്റെ പിഎ ശിവകുമാർ പ്രസാദിൽ നിന്ന് പിടിച്ചെടുത്തത്. ശിവകുമാർ പ്രസാദ് താൽകാലിക ജീവനക്കാരനാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ശശി തരൂർ പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെ ബാങ്കോക്കിൽ നിന്ന് ദില്ലിക്ക് എത്തിയ ഒരാളിൽ നിന്ന് സ്വർണ്ണം സ്വീകരിച്ച ഉടനെയാണ് ശശി തരൂരിന്റെ പിഎ ശിവകുമാർ പ്രസാദ് പിടിയിലായത്. അര കിലോ തൂക്കമുള്ള സ്വർണ്ണ ചെയിനാണ് ശിവകുമാറിൽ നിന്ന് പിടിച്ചെടുത്തത്. സ്വർണ്ണവുമായി എത്തിയ വ്യക്തിയെ ആണ് കസ്റ്റംസ് ആദ്യം പിടികൂടിയത്. ഇയാളിൽ നിന്ന് കിട്ടിയ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിനുള്ളിൽ വച്ച് ശിവകുമാറിനെ കസ്റ്റഡിയിൽ എടുത്തത്. പിടിച്ചെടുത്ത മാലയ്ക്ക് 35 ലക്ഷം രൂപ വില വരും.
എംപിമാരുടെ സ്റ്റാഫിന് നൽകുന്ന പ്രത്യേക വിമാനത്താവള പ്രവേശനപാസ് ഉപയോഗിച്ചാണ് കള്ളക്കടത്തിൽ ശിവകുമാർ പങ്കാളി ആയതെന്ന് കസ്റ്റംസ് വിശദീകരിച്ചു. ശിവകുമാറിനൊപ്പം പിടികൂടിയ വ്യക്തിയുടെ വിശദാംശങ്ങൾ കസ്റ്റംസ് പുറത്ത് വിട്ടില്ല. സംഭവം ഞെട്ടിക്കുന്നതെന്ന് തരൂർ പ്രതികരിച്ചു. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും തരൂർ അറിയിച്ചു.
സംഭവം സിപിഎമ്മും ബിജെപിയും തരൂരിനെതിരെ ആയുധമാക്കി. കേരള മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്കു പിന്നാലെ കോൺഗ്രസ് നേതാവിൻറെ സഹായിയും കള്ളക്കടത്തിന് അറസ്ററിലായിരിക്കുന്നുവെന്ന് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു. സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് എംഎം ഹസൻ വ്യക്തമാക്കി. ശശി തരൂരിൽ നിന്നും കസ്റ്റംസ് ശിവകുമാറിനെക്കുറിച്ചുള്ള വിവരങ്ങൾ തേടിയേക്കും.