കോഴിക്കോട് : ഒരു മാസം മുന്‍പ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ യുവതി നടത്തിയത് ഒരു കോടിയോളം രൂപയുടെ പണമിടപാട്. യുപിഐ ആപ്പുകള്‍ വഴിയായിരുന്നു എല്ലാ ഇടപാടുകളും. ഡിസംബര്‍ 12നാണ് കോഴിക്കോട് കൊയിലാണ്ടിയിലെ മലയില്‍ ബിജിഷ തന്റെ വീട്ടില്‍ തൂങ്ങി മരിച്ചത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അവര്‍ രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി ഒരു കോടിയോളം രൂപയുടെ ഇടപാട് നടത്തിയതായി കണ്ടെത്തിയത്.
എന്നാല്‍ എന്തിനാണ് ഇത്രയും രൂപയുടെ ഇടപാട് നടത്തിയതെന്നോ ആര്‍ക്ക് വേണ്ടിയാണ് ഇടപാട് നടത്തിയതെന്നോ വീട്ടുകാര്‍ക്കോ സുഹൃത്തുകള്‍ക്കോ അറിയില്ല. ബിജിഷയുടെ വിവാഹത്തിന് വേണ്ടി കരുതി വെച്ച 35 പവന് സ്വര്‍ണവും വീട്ടുകാര്‍ അറിയാതെ അവര്‍ ബാങ്കില്‍ പണയം വെച്ച് പണം വാങ്ങിയിട്ടുമുണ്ട്. ഇത്രയും രൂപയുടെ ആവശ്യം ബിജിഷയ്ക്ക് എന്തിനായിരുന്നു എന്ന കാര്യത്തിലും വ്യക്തതയില്ല. ബിജിഷയുടെ മരണശേഷം പണം ആവശ്യപ്പെട്ട് ആരും സമീപിച്ചിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പണം വാങ്ങിയതും കൊടുത്തതും മുഴുവന്‍ ഗൂഗിള്‍ പേ പോലുള്ള യുപിഐ ആപ്പുകള്‍ വഴിയായിരുന്നു. പണം കടം ചോദിച്ചവരോട് ആപ്പ് വഴി തന്നാല്‍ മതിയെന്ന് പ്രത്യേകം പറഞ്ഞിരുന്നതായും പൊലീസ് പറയുന്നു. ഡിസംബര്‍ 12 ന് പതിവ് പോലെ ജോലിക്ക് പോയ ബിജിഷ തിരിച്ച് വന്നാണ് കൊയിലാണ്ടിയിലെ വീട്ടില്‍ തൂങ്ങി മരിച്ചത്. യു.പി.ഐ ആപ്പുകള്‍ വഴി പണമിടപാട് നടത്തിയതിന്റെ തെളിവുകളെല്ലാം നശിപ്പിക്കാനുള്ള ശ്രമവും ബിജിഷ നടത്തിയിരുന്നുവെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്.
തുടര്‍ന്ന് ദുരൂഹത തോന്നിയ പൊലീസ് ബാങ്കിലെത്തിയാണ് പണമിടപാടിന്റെ വിവരങ്ങള്‍ ശേഖരിച്ചത്. സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറില്‍ ജോലി ചെയ്തിരുന്ന ബിജിഷ ഇത്രയേറെ പണമിടപാട് നടത്തിയത് എന്തിനെന്നത് ദുരൂഹത ഏറ്റുകയാണ്. ബിജിഷയുടെ മരണതത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിരിക്കുകയാണ്.