ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബറ്റില്‍ ലയിക്കാനുള്ള ചര്‍ച്ചകളില്‍ നിന്ന് ഇസ്രയേല്‍ സൈബര്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ടപ്പായ വിസ്സ് പിന്മാറി. 23 ബില്യണ്‍ ഡോളറിന് (1.92 ലക്ഷം കോടി) വിസ്സിനെ വാങ്ങാനാണ് ആല്‍ഫബറ്റ് ചര്‍ച്ചകള്‍ നടത്തിയിരുന്നത്. ലയന ചര്‍ച്ചകള്‍ക്ക് അന്ത്യമായതോടെ ഗൂഗിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കല്‍ പദ്ധതികള്‍ക്കാണ് അവസാനമായത് എന്നും രാജ്യാന്തര മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
വിസ്സിനെ റെക്കോര്‍ഡ് തുകയ്ക്ക് ഗൂഗിള്‍ ഏറ്റെടുക്കും എന്ന അഭ്യൂഹങ്ങള്‍ അടുത്തിടെ ശക്തമായിരുന്നു. എന്നാല്‍ ആല്‍ഫബറ്റില്‍ ലയിക്കുന്നതിന് പകരം ഒരു ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക വരുമാനത്തിലേക്ക് എത്തുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ പതിപ്പിക്കുന്നത് എന്ന് വിസ്സ് സിഇഒ അസ്സാഫ് റാപ്പപോര്‍ട്ട് പുറത്തിറക്കിയ വിസ്സ് മെമോയില്‍ പറയുന്നു. എന്നാല്‍ ആല്‍ഫബറ്റിന്റെയോ ഗൂഗിളിന്റെയോ പേര് അദേഹം മെമോയില്‍ എടുത്തുപറഞ്ഞില്ല. ‘ഏറ്റെടുക്കല്‍ ചര്‍ച്ചകളുടെ കഴിഞ്ഞ ആഴ്ച ദുര്‍ഘടമായിരുന്നു. വലിയ ഓഫറുകള്‍ ആല്‍ഫബെറ്റിന്റെ പക്കല്‍ നിന്ന് ലഭിച്ചെങ്കിലും സ്വന്തം വഴിയിലൂടെ തുടര്‍ന്നും പോകാനാണ് ഇപ്പോഴത്തെ തീരുമാനം. അത്രയും വലിയ വമ്പന്‍ വാഗ്ദാനത്തോട് നോ പറയുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നാല്‍ ചര്‍ച്ചകള്‍ അവസാനിപ്പിക്കാനുള്ള ഞങ്ങളുടെ സംഘത്തിന്റെ തീരുമാനത്തില്‍ ആത്മവിശ്വാസമുണ്ട്’ എന്നും വിസ്സ് സിഇഒ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിസ്സ് ചര്‍ച്ച നടത്തിയിരുന്നത് ആല്‍ഫബറ്റുമായി തന്നെയാണെന്നും സ്വതന്ത്ര കമ്പനിയായി തുടരാന്‍ വിസ്സ് മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു എന്നും ചര്‍ച്ചകളെ കുറിച്ച് അറിയാവുന്ന വൃത്തങ്ങള്‍ സിഎന്‍എന്നിനോട് സ്ഥിരീകരിച്ചു. ലോകത്തെ ഏറ്റവും വലിയ സൈബര്‍ സെക്യൂരിറ്റി കമ്പനികളിലൊന്നായി മാറാന്‍ വിസ്സിന് കഴിയുമെന്നാണ് മാനേജ്മെന്റ് കരുതുന്നത്. 23 ബില്യണ്‍ ഡോളറിന് വിസ്സിനെ വാങ്ങാന്‍ ആല്‍ഫബറ്റ് ചര്‍ച്ചകള്‍ നടത്തുന്നതായി സിഎന്‍എന്‍ തന്നെയാണ് ഈ മാസം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ക്ലൗഡ് അടിസ്ഥാനത്തിലുള്ള സൈബര്‍ സെക്യൂരിറ്റി ഒരുക്കുന്ന സ്ഥാപനമാണ് വിസ്സ്. 2024ല്‍ വെഞ്ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപകരില്‍ നിന്ന് വിസ്സ് 100 കോടി ഡോളര്‍ സമാഹരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിസ്സിനെ വാങ്ങാന്‍ സന്നദ്ധരായി ഗൂഗിള്‍ രംഗപ്രവേശം ചെയ്തത്.